ബെംഗളൂരു: കഞ്ചാവ് വിൽപ്പനയെ എതിർത്തതിന് മുത്തശ്ശിയെ കല്ലുകൊണ്ട് അടിച്ചുകൊന്ന 26 കാരൻ പിടിയിൽ . കർണാടകയിലെ ശിവമോഗയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. മിലാഘട്ട് വാർഡ് സ്വദേശി കിഷോറാണ് മുത്തശ്ശി സുശീലമ്മ (55) നെ ക്രൂരമായി കൊലപ്പെടുത്തിയത് . സംഭവത്തിന് ശേഷം കിഷോർ ഒളിവിലായിരുന്നു. പിടികൂടാനെത്തിയ പൊലീസുകാരനെ അക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വെടിവച്ച് വീഴ്ത്തിയ ശേഷമാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കിഷോർ തന്റെ വീട്ടിൽ കഞ്ചാവ് ബിസിനസ് നടത്തിയതിനെ തുടക്കം മുതൽ സുശീലമ്മ എതിർത്തിരുന്നു. മയക്കുമരുന്ന് ഉപയോഗത്തെച്ചൊല്ലി ഇരുവരും തമ്മിൽ പലപ്പോഴും വഴക്കുണ്ടാക്കി. സംഭവ ദിവസവും ഇരുവരും തമ്മിൽ കഞ്ചാവ് വില്പനയെ ചൊല്ലി വഴക്കുണ്ടായി. തുടർന്ന് പൊലീസിനെ വിളിക്കാൻ പോയ സുശീലമ്മയെ പിന്തുടർന്നെത്തിയ കിഷോർ ഇവരെ റോഡിലേക്ക് തള്ളിയിട്ട് തലയിൽ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം കിഷോർ ഓടി രക്ഷപ്പെട്ടു. പോലീസ് ഇയാളുടെ ഒളിത്താവളം കണ്ടെത്തി സ്ഥലം വളഞ്ഞ് ഇയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കിഷോർ ഒരു പോലീസുകാരനെയും ആക്രമിച്ചു. തുടർന്ന് കാലിൽ വെടി വച്ച് വീഴ്ത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത് . കിഷോർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

