കൊച്ചി: ഈ വർഷം ആദ്യം മലപ്പുറത്ത് നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിന് പിന്നിൽ വലിയ ക്രിമിനൽ ഗൂഢാലോചനയാണ് നടന്നതെന്ന് ദേശീയ അന്വേഷണ ഏജൻസി . ഇക്കാര്യം പ്രത്യേക കോടതിയെ അറിയിച്ചു. കർണാടകയിലെ തളികോട്ടിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനവുമായി ബന്ധമുണ്ടെന്നും എൻ ഐ എ വെളിപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 7 നാണ് മലപ്പുറത്തെ തിരൂരങ്ങാടിയിൽ ഉള്ളി ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച നിലയിൽ ലോറിയിൽ നിന്ന് 89,600 ജെലാറ്റിൻ സ്റ്റിക്കുകളും 1.05 ലക്ഷം നോൺ-ഇലക്ട്രിക് ഡിറ്റണേറ്ററുകളും കണ്ടെടുത്തത് . കർണാടകയിലെ ബിജാപൂരിൽ നിന്നുള്ള മന്തഗൗണ്ട് ബിരാദർ (35), തളികോട്ടിൽ നിന്നുള്ള ബാപ്പഗൗഡ് ഭീരമയ്യ ചൗദ്രി (47) എന്നിവർ അടുത്തിടെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരായി മുൻകൂർ ജാമ്യം തേടിയിരുന്നു.
എൻഐഎയുടെ റിപ്പോർട്ടനുസരിച്ച്, പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ വിതരണം ചെയ്ത ചേതൻ എന്റർപ്രൈസസിന്റെ ഉടമസ്ഥരാണ് ഇരുവരും. തമിഴ്നാട് ആസ്ഥാനമായുള്ള നിർമ്മാതാക്കളായ വെട്രിവൽ എക്സ്പ്ലോസീവ്സ്, ട്രൈഡന്റ് എക്സ്പ്ലോസീവ്സ് എന്നിവയിൽ നിന്നാണ് ബിരാദർ സ്ഫോടകവസ്തുക്കൾ വാങ്ങിയതെന്ന് എൻ ഐ എ പറഞ്ഞു.സ്ഫോടകവസ്തു പാക്കേജുകളിലെ ബാർകോഡ് ലേബലുകൾ മനഃപൂർവ്വം നീക്കം ചെയ്യുകയും അവയുടെ ഉറവിടം, ഉടമസ്ഥാവകാശം മറയ്ക്കാൻ അവയിൽ കൃത്രിമം കാണിക്കുകയോ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി എൻ ഐ എ കോടതിയെ അറിയിച്ചു.
താലികോട്ടിയിലെ ചേതൻ എന്റർപ്രൈസസിന്റെ ഓഫീസിൽ നടത്തിയ പരിശോധനയിൽ, അന്വേഷണ ഉദ്യോഗസ്ഥർ ഡിറ്റണേറ്ററുകളും കൃത്രിമ ബാർകോഡ് ലേബലുകളും കണ്ടെടുത്തു. അംഗീകൃത നിർമ്മാതാക്കളിൽ നിന്ന് നിയമപരമായി വസ്തുക്കൾ വാങ്ങിയ ലൈസൻസുള്ള സ്ഫോടകവസ്തു വ്യാപാരികളാണ് തങ്ങളെന്നാണ് ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചത്.
എന്നാൽ അന്വേഷണത്തിനിടെ ശേഖരിച്ച തെളിവുകൾ പ്രഥമദൃഷ്ട്യാ ഹർജിക്കാർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കാണിക്കുന്നുണ്ടെന്നും കുറ്റകൃത്യത്തിന് പിന്നിൽ വിശാലമായ ഒരു ശൃംഖല ഉണ്ടെന്നും എൻ ഐ എ കോടതിയെ അറിയിച്ചു.

