‘തിരുവനന്തപുരം: ജവാൻ മദ്യത്തിന്റെ ഉത്പാദനം പെട്ടെന്ന് നിർത്തിവച്ചതിന് പിന്നിൽ അട്ടിമറി ശ്രമത്തിന് സാധ്യതയുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് എക്സൈസ് മന്ത്രി എം ലിജു . സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ്, ജവാൻ ഉത്പാദനം നിർത്തിവച്ചതിന് പിന്നിൽ മറ്റ് മദ്യ മുതലാളിമാരുടെ പങ്ക് കണ്ടെത്താനും അതിൽ നിന്ന് അവർക്ക് എന്തെങ്കിലും ലാഭം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞത്.
പാക്കിംഗ് സാമഗ്രികളുടെ ക്ഷാമം ചൂണ്ടിക്കാട്ടി മദ്യത്തിന്റെ ഉത്പാദനം നിർത്തിവച്ചത് . ഒരു ലക്ഷം ലിറ്റർ മദ്യമാണ് തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ ദിവസവും ഉത്പാദിപ്പിക്കുന്നത്. ഒരു ലിറ്റർ ജവാൻ മദ്യത്തിന്റെ വില 650 രൂപയാണ്. പ്രതിദിന വിറ്റുവരവ് 6.5 കോടി രൂപയാണ്. 12 ദിവസത്തേക്ക് ഏകദേശം 78 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു
‘ പാക്കിംഗ് സാമഗ്രികൾക്ക് ഒരിക്കലും ക്ഷാമം ഉണ്ടാകരുതെന്നാണ് സർക്കാരിന്റെ നിലപാട്. ഔദ്യോഗിക തലത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. നികുതി സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കും. ‘ മന്ത്രി പറഞ്ഞു. ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ ജവാൻ റമ്മിന്റെ ഉത്പാദനം രണ്ടാഴ്ചയോളം നിർത്തിവച്ചതിന് ശേഷമാണ് എക്സൈസ് മന്ത്രിയുടെ പ്രതികരണം.

