അയോധ്യ : രാമക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ എട്ട് പേർക്കെതിരെ രാമജന്മഭൂമി പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ട്രസ്റ്റ് അംഗം കൃഷ്ണമോഹന്റെ പരാതിയിൽ രാം ശങ്കർ ടിന്നു, ട്രസ്റ്റ് ജീവനക്കാരൻ അനുകല്പ് മിശ്ര, ഭാര്യാസഹോദരൻ ലവ് കുശ് മിശ്ര,ടിന്നുവിന്റെ അനന്തരവൻ മനീഷ് യാദവ്, കരുണേഷ് പാണ്ഡെ, രാം ശങ്കർ മിശ്ര, അവിനാഷ് ശുക്ല, വിരമിച്ച ബാങ്ക് ജീവനക്കാരൻ സുഭാഷ് ശ്രീവാസ്തവ എന്നിവരുടെ പേരുകളാണ് എഫ് ഐ ആറിൽ ഉള്ളത്. ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം രാമക്ഷേത്രത്തിലെ സംഭാവനയിൽ മോഷണം നടത്തിയവർക്കെതിരെ യോഗി സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും, സഹിഷ്ണുത കാട്ടില്ലെന്നും യുപി മന്ത്രി സുരേഷ് ഖന്ന പറഞ്ഞു. എസ് ഐ ടി അന്വേഷണത്തിന് നന്ദി പറഞ്ഞ് ഹനുമാൻ ഗാർഹി പൂജാരി രമേശ്ദാസ് മഹാരാജും രംഗത്തെത്തി. എഫ് ഐ ആറിൽ ചമ്പത് റായ്, ഡോ.അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരുടെ പേരുകൾ പരാമർശിച്ചിട്ടില്ല.

