കൊച്ചി : അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അഞ്ചിടത്ത് ഇഡി റെയ്ഡ് . കൊച്ചിയിലെ 2 സ്വകാര്യ അശുപത്രികൾ , കോട്ടയത്തെയും, തിരുവനന്തപുരത്തെയും ഓരോ ആശുപത്രികൾ , കേസിലെ ഇടനിലക്കാരായ കൊല്ലം പുളിയത്തുമുക്ക് ശ്രീജ, സുധീർ എന്നിവരുടെ വീടുകളിലാണ് റെയ്ഡുകൾ നടക്കുന്നത്. അവയവക്കടത്ത് കേസിലെ മുഖ്യപ്രതിയായ നജീബിന് വൻ തുക കമ്മീഷൻ ലഭിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കാസർകോട് സ്വദേശിയായ നജീബിനെ കഴിഞ്ഞ മാസം ഗാസിയാബാദിൽ നിന്ന് അറസ്റ്റ് ചെയ്തു. മെഡിക്കൽ ടൂറിസത്തിന്റെ മറവിലാണ് അവയവക്കടത്ത് നടത്തിയത്. അവയവക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നിർണ്ണായക നീക്കം. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യ ആശുപത്രികളിൽ റെയ്ഡ് നടക്കുന്നത്.
പരിശോധന നടക്കുന്ന കേന്ദ്രങ്ങളിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കൊച്ചിയിൽ റെയ്ഡ് നടക്കുന്ന ആശുപത്രിയിൽ നിന്ന് നജീബിന്റെ അക്കൗണ്ടിലേയ്ക്ക് വലിയ തുക കമ്മീഷനായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പാവപ്പെട്ട മനുഷ്യരെ കണ്ടെത്തി കുറഞ്ഞ തുക നൽകിയാണ് ഇവരുടെ അവയവങ്ങൾ സംഘം കൈക്കലാക്കിയിരുന്നത് . ഇതേ അവയവങ്ങൾ കോടികൾ വാങ്ങി മറിച്ചു വിറ്റു. ഇതിനാവശ്യമായ രേഖകൾ നിർമ്മിക്കാൻ എം പി മാരുടെ അടക്കം വ്യാജ സീലുകളും , ലെറ്റർ ഹെഡുകളും ഇവർ തയ്യാറാക്കിയിരുന്നു.

