തിരുവനന്തപുരം : ഫാസിസ്റ്റ് അജണ്ടകൾക്ക് മുന്നിൽ അക്കാദമിക തലപ്പത്തിരിക്കുന്നവർ പുലർത്തേണ്ട മിനിമം നിഷ്പക്ഷത പോലും ലംഘിച്ച് മുട്ടുമടക്കുന്നത് ജനാധിപത്യ കേരളത്തിന് വലിയ അപമാനമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല . ആർ എസ് എസ് പരിപാടിയിൽ വി സിമാർക്കെതിരെ പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
ഗവർണ്ണറെ കരുവാക്കി കേരളത്തിന്റെ അക്കാദമിക മേഖലയെ കാവിവൽക്കരിക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ടുപോകുമ്പോഴാണ് ഈ വിസിമാരുടെ ഭാഗത്തുനിന്ന് ഇത്തരം നീക്കങ്ങൾ ഉണ്ടായിരിക്കുന്നത് . കേരളീയ സമൂഹത്തോടും നമ്മുടെ അക്കാദമിക മേഖലയോടും വലിയ തെറ്റ് ചെയ്ത ഈ മൂന്ന് വിസിമാരും തങ്ങളുടെ പിഴവ് പരസ്യമായി ഏറ്റുപറയുകയും, ഭാവിയിൽ ഇത്തരം പരിപാടികളിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുകയും വേണമെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
ആർഎസ്എസിന്റെ 100-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ സർസംഘചാലക് മോഹൻ ഭാഗവതിന്റെ പരിപാടിയിൽ മൂന്ന് സർവ്വകലാശാലാ വിസിമാർ പങ്കെടുത്തത് അതീവ ഗുരുതരവും അക്ഷന്തവ്യവുമായ തെറ്റാണ്. ഗവർണ്ണറെ കരുവാക്കി കേരളത്തിന്റെ അക്കാദമിക മേഖലയെ കാവിവൽക്കരിക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ കടുത്ത നിലപാടുമായി നമ്മൾ മുന്നോട്ടുപോകുമ്പോഴാണ് ഈ വിസിമാരുടെ ഭാഗത്തുനിന്ന് ഇത്തരം നീക്കങ്ങൾ ഉണ്ടായിരിക്കുന്നത്.
സർവ്വകലാശാലകളുടെ മതേതര – രാഷ്ട്രീയേതര സ്വഭാവത്തെ ഇല്ലായ്മ ചെയ്യാനും, വിശ്വാസ്യത ഇടിച്ചുതാഴ്ത്താനും, സ്വതന്ത്ര ചിന്ത വളരേണ്ട നമ്മുടെ ക്യാമ്പസുകളെ വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വിളനിലങ്ങളാക്കി മാറ്റാനും മാത്രമേ ഇത്തരം നീക്കങ്ങൾ ഉപകരിക്കൂ. കേരളീയ സമൂഹത്തോടും നമ്മുടെ അക്കാദമിക മേഖലയോടും വലിയ തെറ്റ് ചെയ്ത ഈ മൂന്ന് വിസിമാരും തങ്ങളുടെ പിഴവ് പരസ്യമായി ഏറ്റുപറയുകയും, ഭാവിയിൽ ഇത്തരം പരിപാടികളിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുകയും വേണം. വിദ്യാഭ്യാസരംഗത്ത് മികച്ചൊരു അക്കാദമിക അന്തരീക്ഷം ഉണ്ടാകണമെങ്കിൽ നമ്മുടെ സ്ഥാപനങ്ങൾ ഇത്തരം രാഷ്ട്രീയ അധിനിവേശങ്ങളിൽ നിന്ന് സ്വതന്ത്രമാകണം. ഫാസിസ്റ്റ് അജണ്ടകൾക്ക് മുന്നിൽ അക്കാദമിക തലപ്പത്തിരിക്കുന്നവർ പുലർത്തേണ്ട മിനിമം നിഷ്പക്ഷത പോലും ലംഘിച്ച് മുട്ടുമടക്കുന്നത് ജനാധിപത്യ കേരളത്തിന് വലിയ അപമാനമാണ്. ഉന്നത വിദ്യാഭ്യാസമേഖലയെ വിഴുങ്ങാൻ നോക്കുന്ന ഈ കാവിവൽക്കരണ നീക്കങ്ങൾക്കെതിരെ ഉയർന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി നിൽക്കണം

