ന്യൂഡൽഹി: കഴിഞ്ഞ 75 വർഷം ഭരണഘടനാനുസൃതമായി ജീവിച്ച എല്ലാ ഭാരതീയർക്കും നന്ദി അറിയിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരവധി റിപ്പബ്ലിക്കുകളുടെ നാടാണ് ഇന്ത്യയെന്ന്, അംബേദ്കറെ ഉദ്ധരിച്ചുകൊണ്ട് പാർലമെന്റിൽ നടന്ന ഭരണഘടനാ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഭരണഘടനയുടെ നിർമ്മാണത്തിൽ നിർണായക പങ്കുവഹിക്കാൻ നാരീശക്തിക്ക് കഴിഞ്ഞു. ഭരണഘടനാ നിർമ്മാണ സമിതിയിൽ 15 വനിതകൾ അംഗങ്ങളായിരുന്നുവെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. സ്ത്രീശക്തീകരണത്തിനായി സർക്കാരുകൾ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച പ്രധാനമന്ത്രി, പൊതുതിരഞ്ഞെടുപ്പുകളിൽ ആദ്യകാലം മുതൽക്ക് തന്നെ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകിയ രാജ്യമാണ് ഇന്ത്യയെന്നും ഓർമ്മിപ്പിച്ചു.
വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ രാജ്യത്തിന് ഐക്യം അനിവാര്യമാണ്. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷ വേളയിൽ ഇന്ത്യ വികസിത രാഷ്ട്രമാകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യകൾ ജനാധിപത്യവത്കരിക്കുന്നതിന്റെ ഉദാഹരണമാണ് ‘ഡിജിറ്റൽ ഇന്ത്യ‘ പദ്ധതിയുടെ വിജയഗാഥയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.