പൂനെ : നാസിക്കിലെ ടിസിഎസ് മതപരിവർത്തന കേസിന് പിന്നാലെ പൂനെയിലെ വിപ്രോയിലും മതപരിവർത്തനത്തിന് ശ്രമങ്ങൾ നടന്നതായി റിപ്പോർട്ട് . മുൻ ജീവനക്കാരിയാണ് സഹപ്രവർത്തകനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത് . ഇസ്ലാം മതം സ്വീകരിക്കാൻ തന്നിൽ സമ്മർദ്ദം ചെലുത്തിയെന്നും അത് നിർബന്ധിത രാജിയിൽ അവസാനിച്ചുവെന്നുമാണ് യുവതി പറയുന്നത്. ഹിന്ദു ജനജാഗ്രിതി സമിതിയ്ക്കൊപ്പമെത്തിയാണ് യുവതി വാർത്താസമ്മേളനത്തിൽ ഇക്കാര്യം തുറന്ന് പറഞ്ഞത്.
പൂനെയിലെ വിപ്രോയുടെ ഹിഞ്ചേവാഡി കാമ്പസിലാണ് യുവതി ജോലി ചെയ്തിരുന്നത് . ഈ സമയത്ത് മേലധികാരിയായിരുന്ന വ്യക്തിയും, മറ്റ് സഹപ്രവർത്തകരും ഇസ്ലാം മതം സ്വീകരിക്കാനും , ആചാരങ്ങൾ പിന്തുടരാനും തന്നെ നിർബന്ധിച്ചുവെന്നാണ് യുവതി പറയുന്നത് . കടുത്ത മാനസിക സമ്മർദ്ദം ഉണ്ടായതോടെ താൻ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതയായെന്നും യുവതി പറയുന്നു.
സംഭവത്തിൽ പൂനെ പൊലീസും മനുഷ്യാവകാശകമ്മീഷനും പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്ന് വിപ്രോയും അറിയിച്ചിട്ടുണ്ട്. ‘ കമ്പനി ജീവനക്കാരുടെ ക്ഷേമം, അന്തസ്, ബഹുമാനം എന്നിവ പരമപ്രധാനമാണ് . ഒരു വ്യക്തിയുടെ മൗലികാവകാശങ്ങളെയും സ്വാതന്ത്രങ്ങളെയും അപകടപ്പെടുത്തുന്ന ഒരു പ്രവർത്തിയോടും വിട്ടുവീഴ്ച്ച കാണിക്കില്ല ‘ എന്നും വിപ്രോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
നാസിക് ടിസിഎസിൽ നടന്ന ആസൂത്രിത നീക്കത്തെക്കുറിച്ച് വനിതാ ജീവനക്കാരാണ് അടുത്തിടെ വെളിപ്പെടുത്തിയത്. 2022 ജൂലൈ മുതൽ കമ്പനിയിലെ സ്ത്രീ ജീവനക്കാർ കടുത്ത ലൈംഗികവും മാനസികവുമായ പീഡനം നേരിട്ടുവെന്നാണ് പരാതി. നിർബന്ധിത മതപരിവർത്തന ശ്രമങ്ങൾ നടന്നു. നമസ്കരിക്കാനും ബീഫ് കഴിക്കാനും നിർബന്ധിച്ചു എച്ച്ആർ വകുപ്പിലും ഇന്റേണൽ കമ്മിറ്റിയിലും പരാതികൾ സമർപ്പിച്ചിട്ടും അവഗണിച്ചു. പരാതികളും, ഡിജിറ്റൽ സന്ദേശങ്ങളും മറച്ചുവച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളിൽ നിന്നുള്ള ജീവനക്കാരെ ചൂഷണം ചെയ്തും, പ്രണയത്തിൽ കുടുക്കി ലൈംഗികമായി പീഡിപ്പിച്ചുമാണ് മതപരിവർത്തനം നടത്തിയത്.
സംഭവത്തിൽ പ്രതിയായ നിദാഖാൻ, ഡാനിഷ് ഷെയ്ക്ക്, തൗസിഫ് അത്തർ, ഷാഫി ഷെയ്ക്ക്, ആസിഫ് അൻസാരി, റെസ മേമൻ, ഷാരൂഖ് ഖുറേഷി അശ്വിൻ ചിനാനി (ഓപ്പറേഷൻസ് മാനേജർ) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ബുർഖ എങ്ങനെ ധരിക്കണമെന്ന് നിദ ഖാൻ തങ്ങൾക്ക് നിർദ്ദേശം നൽകുമെന്ന് ഒരു വനിതാ ജീവനക്കാരി പറഞ്ഞിരുന്നു. ഈ വിഷയത്തിൽ നാസിക്കിൽ രജിസ്റ്റർ ചെയ്ത ഒമ്പത് എഫ്ഐആറുകളിൽ ആദ്യ പരാതിയിൽ തന്നെ നിദ ഖാന്റെ പേര് ഉയർന്നുവന്നിരുന്നു.

