ചെന്നൈ : ഇന്ത്യ സഖ്യയോഗത്തിൽ നിന്നും വിട്ടു നിൽക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഡി എം കെ . കോൺഗ്രസ് പങ്കെടുക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് പ്രഖ്യാപനം.തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ടിവികെയ്ക്ക് അധികാരത്തിലേറാൻ കോൺഗ്രസ് പിന്തുണ നൽകിയത് തങ്ങളോട് ചെയ്ത ചതിയാണെന്നാണ് ഡി എം കെയുടെ ആരോപണം. അതിൽ പാർട്ടി കേഡർമാർക്ക് വേദനയുണ്ടെന്നും ഡി എം കെ പ്രസ്താവനയിൽ പറയുന്നു.
കേന്ദ്രസർക്കാരിനെതിരായ തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനും, വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങൾക്ക് മുന്നോടിയായി പ്രതിപക്ഷ ഏകോപനം ശക്തിപ്പെടുത്തുന്നതിനുമായാണ് ഈ മാസം എട്ടിന് യോഗം ചേരുന്നത് . കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ നടക്കാൻ സാധ്യതയുള്ള യോഗത്തിൽ ഏകദേശം 15 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് സൂചന .
യോഗത്തിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നത് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ നിന്നുള്ള പിന്മാറ്റമല്ലെന്നും ഡിഎം കെ വ്യക്തമാക്കിയിട്ടുണ്ട്.സഖ്യത്തിലെ മറ്റ് കക്ഷികളോടും വിയോജിപ്പില്ല.രാജ്യത്തിന്റെ ക്ഷേമത്തെ ബാധിക്കുന്ന കാര്യങ്ങളിൽ പിന്തുണയും ശബ്ദവും ഉയർത്തുന്നത് തുടരുമെന്നും ഡിഎം കെ വിശദീകരിക്കുന്നു. മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് തീരുമാനമെടുത്തിരിക്കുന്നത്.ലോക്സഭയിലാകെ 22 എം പി മാരുള്ള ഡി എം കെ ഇന്ത്യ സഖ്യത്തിലെ നാലാമത്തെ കരുത്തരായ പാർട്ടിയാണ്.
ഡിഎം കെയുടെ സഖ്യകക്ഷിയായിരുന്നിട്ടും തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ടിവികെയ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണയെ പിന്നിൽ നിന്നുള്ള കുത്തായാണ് ഡിഎം കെ വിശേഷിപ്പിച്ചത്. രാഷ്ട്രീയ ലാഭത്തിനായി പതിറ്റാണ്ടുകൾ നീണ്ട ബന്ധം കോൺഗ്രസ് ഉപേക്ഷിച്ചുവെന്നാണ് ഡി എം കെയുടെ വാദം. കോൺഗ്രസുമായുള്ള വേർപിരിയലിനു ശേഷം മാറിയ രാഷ്ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ഡി എം കെ എം പിമാർക്ക് ഇരിക്കാൻ പ്രത്യേക ഇരിപ്പിടങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ഡിഎംകെ എം പി കനിമൊഴി ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയിരുന്നു.

