തിരുവനന്തപുരം : ധവളപത്രവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി എ എ റഹീം എംപിയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎയും.
നരസിംഹ റാവുവിനെയും നരേന്ദ്ര മോദിയെയുമാണ് സതീശനില്‍ ഇന്ന് കണ്ടെതെന്ന് എ എ റഹീം പറഞ്ഞു. പെന്ഷന് പ്രായം ഉയര്‍ത്തണമെന്ന് ധവളപത്രത്തില്‍ ശുപാർശയുണ്ട്. പഴയ രീതിയിലേക്ക് യുഡിഎഫ് പോയാല്‍ വലിയ യുവജന സമരങ്ങള്‍ കാണേണ്ടി വരും. കരാര്‍വത്കരണം സാര്‍വ്വത്രികമായി മാറ്റാനാണ് നീക്കം. കേരളത്തിന്റെ നേട്ടങ്ങളെ അപായപ്പെടുത്തുന്നതാണ് ധവളപത്രത്തിന്റെ ശുപാര്‍ശകളെന്നും റഹീം കുറ്റപ്പെടുത്തി.
ധവള പത്രത്തിലൂടെ മുന്നോട്ടുവച്ച പെൻഷൻ പ്രായം ഉയർത്തൽ നിർദ്ദേശം യുവജന വഞ്ചനയാണെന്ന് വി കെ സനോജ് പറയുന്നു. ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ പി എസ് സി പരീക്ഷയെഴുതി ലിസ്റ്റിൽ ഇടം പിടിച്ച് ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന നാടാണ് നമ്മുടേത്. അധികാരത്തിൽ വരാൻ വേണ്ടി ചെറുപ്പക്കാർക്ക് വാഗ്ദാനങ്ങൾ നൽകുകയും, ഏറ്റവും കൂടുതൽ നിയമനങ്ങൾ നടത്തിയ എൽഡിഎഫ് സർക്കാരിനെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തവരാണ് യുഡിഎഫ്.
രാജ്യത്ത് ഏറ്റവും കൂടുതൽ നിയമനങ്ങൾ നടത്തുകയും 10 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്ത എൽഡിഎഫ് സർക്കാർ യുവജനപക്ഷം ചേർന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാൽ യുഡിഎഫിന് അധികാരം കിട്ടിയ കാലത്ത് എല്ലാം പെൻഷൻ പ്രായം വർധിപ്പിച്ചതിന്റെയും നിയമന നിരോധനം നടപ്പിലാക്കിയതിന്റെയും അനുഭവങ്ങളും മുന്നിലുണ്ട്. യുവജനങ്ങളുടെ തൊഴിൽ എന്ന സ്വപ്നം തകർത്തുകൊണ്ട് ഭരിക്കാമെന്ന് വ്യാമോഹം വേണ്ട.ഇത്തരം നയം ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ യുവജനപ്രക്ഷോഭത്തിന് ഡിവൈഎഫ്ഐ തയ്യാറാകുമെന്നും വി കെ സനോജ് പറയുന്നു.
Discussion about this post

