തിരുവനന്തപുരം : കേരളത്തിൽ ഒരു ഇന്ദിരാ ഗ്യാരന്റിയും നടപ്പിലാക്കാൻ പോകുന്നില്ലെന്ന് ധവളപത്രത്തിൽ നിന്ന് വ്യക്തമാണെന്ന് സിപിഎം മുതിർന്ന നേതാവ് ടി എം തോമസ് ഐസക്ക് . കേരളത്തിൽ ശമ്പളപരിഷ്ക്കരണം ഉണ്ടാകില്ല , റിട്ടയർമെന്റ് പ്രായം ഉയർത്തും,ക്ഷേമ പെൻഷൻ ഇനി വീട്ടിൽ കൊണ്ട് തരില്ല, ക്ഷേമപദ്ധതികൾ പലതും താളം തെറ്റും, പൊതുമേഖല സ്ഥാപനങ്ങൾ പലതും സ്വകാര്യവത്ക്കരിക്കുകയും , പൂട്ടുകയും ചെയ്യുമെന്നണ് ഇപ്പോൾ വ്യക്തമാകുന്നത് .
കേന്ദ്ര അവഗണനയ്ക്കെതിരെ എന്തുകൊണ്ടാണ് യുഡിഎഫ് സർക്കാർ ഒന്നും പറയാത്തത് . നയപ്രഖ്യാപനത്തിലും കേന്ദ്രസർക്കാരിനെതിരെ ഒരു വാക്ക് പോലും ഇല്ല . കിഫ്ബിയെ സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ നിലപാടിനെയാണ് യുഡിഎഫ് സർക്കാർ പിന്താങ്ങുന്നത് .കേരളം കടക്കെണിയിൽ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം വലിയ ഒരു തിരിച്ചു പോക്കിന് സാക്ഷ്യം വഹിക്കാൻ പോകുകയാണ് . പണം ഉണ്ടാക്കുന്നതിന് എൽ ഡി എഫ് സ്വീകരിച്ച നയങ്ങൾ ശരിയല്ലെന്നാണ് ഇപ്പോൾ പറയുന്നത് . എന്നാൽ ധനസമാഹരണത്തിന് എന്ത് ചെയ്യുമെന്ന് ഇപ്പോൾ വ്യക്തതയില്ല . വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തിൽ എന്ന് കാട്ടാനുള്ള ശ്രമമാണ് ഈ ധവളപത്രം . എന്തിനാണ് യുഡിഎഫ് സർക്കാർ മുൻ ഗണന നൽകുന്നത് .ഇന്ദിരാഗ്യാരന്റിയ്ക്കാണോ, ക്ഷേമ പദ്ധതികൾക്കാണോ , സാമ്പത്തിക അച്ചടക്കത്തിനാണോ എന്നും തോമസ് ഐസക്ക് ചോദിച്ചു.
സംസ്ഥാനം നേരിടുന്നത് ഗുരുതര ധനകാര്യ പ്രതിസന്ധിയാണെന്ന് വ്യക്തമാക്കിയാണ് സംസ്ഥാന സർക്കാർ ധവളപത്രം പുറത്തിറക്കിയത് . 5.07 ലക്ഷം കോടിയാണ് കേരളത്തിന്റെ ആകെ കടബാധ്യത . സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പലിശ, പെൻഷൻ തുടങ്ങിയ നിർബന്ധിത ചിലവുകൾക്കായാണ് ചെലവാകുന്നതെന്നും ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ച ധനകാര്യമന്ത്രി കൂടിയായ വി ഡി സതീശൻ പറഞ്ഞു.
രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിലാണ് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ് . ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. 2025 ൽ 262 ദിവസം സർക്കാരിന്റെ ദിവസേനയുള്ള വരവ് – ചിലവ് വ്യത്യാസം നികത്താൻ റിസർവ് ബാങ്ക് നൽകുന്ന താൽക്കാലിക വായ്പയെയും, 84 ദിവസം ഓവർ ഡ്രാഫ്റ്റിനെയും ആശ്രയിച്ചു. സർക്കാർ ജീവനക്കാരുടെയും , പെൻഷൻ കാരുടെയും ഡിഎ / ഡി ആർ കുടിശിക ഉൾപ്പെടെ 48,733 കോടി രൂപയുടെ കുടിശിക ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണം .കിഫ്ബിയ്ക്ക് ഏകദേശം 21000 കോടിയുടെ വായ്പബാധ്യത ബാക്കിയുണ്ടെന്നും ധവളപത്രത്തിൽ പറയുന്നു.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശ്ശികകൾ ഉൾപ്പെടെ 48,733 കോടി രൂപയുടെ കുടിശ്ശിക ബാധ്യതകൾ പുതിയ സർക്കാർ ഏറ്റെടുക്കണം. കിഫ്ബിക്ക് ഏകദേശം 21,000 കോടിയുടെ വായ്പാബാധ്യത ബാക്കിയുണ്ട്.

