തിരുവനന്തപുരം: നാലാഞ്ചിറയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന (36) ആണ് കൊല്ലപ്പെട്ടത് . കൊലയ്ക്ക് ശേഷം ഭർത്താവ് സുരേഷ് (46) കാറിൽ രക്ഷപ്പെട്ടു. കുടുംബ തർക്കത്തെ തുടർന്ന് കുട്ടികളുടെ മുന്നിൽ വെച്ചാണ് സുരേഷ് ഹസീനയെ കൊലപ്പെടുത്തിയത് . വീട്ടിലെ കിടപ്പുമുറിയിലാണ് ഹസീനയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികളുടെ മകൾ അമൃതയാണ് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത് അവർ എത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികൾ നാലാഞ്ചിറയിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ പതിവായി തർക്കങ്ങൾ ഉണ്ടായിരുന്നു. സുരേഷിനെതിരെ ഹസീന അടുത്തിടെ പരാതി നൽകിയിരുന്നു. പ്രശ്നം പരിഹരിക്കാൻ സുരേഷിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ന് പുലർച്ചെയും തർക്കം ഉണ്ടായി. ഇതിനെ തുടർന്ന് ദേഷ്യത്തിൽ അടുക്കളയിൽ നിന്ന് കത്തി എടുത്ത് ആക്രമിക്കുകയായിരുന്നു കൊലപാതകത്തിന് ശേഷം കത്തി കഴുകി അടുക്കളയിൽ സൂക്ഷിച്ച ശേഷം സുരേഷ് ഓടി രക്ഷപ്പെട്ടു. പോലീസും ഫോറൻസിക് സംഘവും എത്തി തെളിവുകൾ ശേഖരിച്ചുവരികയാണ്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

