ബെംഗളൂരു : കർണാടകയിൽ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി നിയമിച്ച് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ . ഡികെ ശിവകുമാറിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായിട്ടായിരുന്നു നിയമനം. സിദ്ധരാമയ്യയ്ക്ക് രാജ്യസഭാംഗത്വം നൽകുന്നതുൾപ്പെടെ നേരത്തെ ചർച്ചയുണ്ടായിരുന്നു. എന്നാൽ അദ്ദേഹം അത് നിരസിച്ചു.
അതേസമയം കർണാടകയിൽ ഉപമുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ സിദ്ധരാമയ്യയുടെ മകനും ഉൾപ്പെട്ടിട്ടുണ്ട്. ഡോക്ടറിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ ആളാണ് സിദ്ധരാമയ്യയുടെ ഇളയ മകനായ യതീന്ദ്ര . പാത്തോളജിസ്റ്റായിരുന്ന അദ്ദേഹം 2018 ൽ വരുണ മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് രാഷ്ട്രീയത്തിൽ എത്തിയത് . 2018 മുതൽ 2023 വരെ എംഎൽഎയായിരുന്ന അദ്ദേഹം 2024-ൽ എം.എൽ.സിയായി.
പുതിയ സർക്കാരിനെ കുറിച്ചുള്ള ചർച്ചയിൽ ഡൽഹിയിലേയ്ക്ക് പോകുമ്പോൾ സിദ്ധരാമയ മകനെയും കൂട്ടിയിരുന്നു. ഇതും മകന് വേണ്ടി സിദ്ധരാമയ്യ വില പേശിയെന്ന റിപ്പോർട്ടുകൾ ഊട്ടിയുറപ്പിക്കുന്നതാണ് . സിദ്ധരാമയയുടെ മാസ്റ്റർ മൈൻഡ് എന്നാണ് യതീന്ദ്ര അറിയപ്പെടുന്നതും . കർണാടക കോൺഗ്രസിലും യതീന്ദ്രയ്ക്ക് നല്ല സ്വാധീനമുണ്ട്.അതേസമയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയും ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടെന്നത് യതീന്ദ്രയ്ക്ക് വെല്ലുവിളിയാകും.

