ശബരിമല: ദര്‍ശനത്തിന് എത്തിയ ദിവ്യാംഗനായ തിരുവനന്തപുരം സ്വദേശി സജീവന് ഡോളി നിഷേധിച്ച സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി . ശബരിമല ചീഫ് പൊലീസ് കോർഡിനേറ്ററോടാണ് അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് റിപ്പോർട്ട് തേടിയത്.
പമ്പയില്‍ വാഹനം ഇറങ്ങിയ സ്ഥലത്തേയ്ക്ക് ഡോളി കടത്തിവിടാന്‍ പോലീസ് വിസമ്മതിക്കുകയായിരുന്നു. കസേരയില്‍ ഇരിക്കാന്‍ പോലും സഹായം ആവശ്യമുള്ള ആളോടായിരുന്നു പോലീസിന്റെ ക്രൂരത. സാധാരണ പമ്പയില്‍ വാഹനം ഇറങ്ങുന്നിടത്തുതന്നെ ഡോളി വരാറുണ്ട്. ഡോളി സൗകര്യം വേണമെന്ന് നിരവധി തവണ പോലീസുകാരോട് പറഞ്ഞെങ്കിലും ആരും കേട്ടഭാവം നടിച്ചില്ല.
‘ ഡോളി ബുക്ക് ചെയ്ത് തരാമെന്ന് പറഞ്ഞ ഒരു സാര്‍ പിന്നെ അവിടേക്ക് വന്നില്ല. ദേവസ്വം അധികൃതരെ അറിയിച്ചപ്പോഴും നടപടി ഉണ്ടായില്ല. ഒടുവില്‍ തോര്‍ത്ത് വിരിച്ച് റോഡില്‍ കിടക്കുമെന്ന് പറഞ്ഞപ്പോഴാണ് ഡോളി പമ്പയിലേക്ക് കടത്തിവിടാന്‍ പോലീസ് തയാറായത്, ‘ സജീവ് പറഞ്ഞു.
അനിയനും കുട്ടിക്കും ഒപ്പമാണ് സജീവ് ദര്‍ശനത്തിനെത്തിയത്. എല്ലാവര്‍ഷവും വാഹനം ഇറങ്ങുന്ന സ്ഥലത്ത് തന്നെ ഡോളി സൗകര്യം ലഭിച്ചിരുന്നു.