തിരുവനന്തപുരം : സ്കൂൾ കലോത്സവത്തിൽ അവതരണ ഗാനം ഒരുക്കാനാവശ്യപ്പെട്ടതിന് പ്രതിഫലം ചോദിച്ച നടിയെ കുറ്റപ്പെടുത്തിയ പരാമർശം പിൻവലിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് പരാമർശം പിൻവലിച്ചത്. കലോത്സവ സമയത്ത് അനാവശ്യ വിവാദങ്ങൾ വേണ്ടെന്നും ,വിവാദങ്ങള്‍ അവസാനിപ്പിക്കുന്നുവെന്നും വെഞ്ഞാറമൂടിൽ നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണെന്നും മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും കലോത്സവത്തിലൂടെ പേരെടുത്തവർ കുറച്ച് സിനിമയും , കാശുമായപ്പോൾ കേരളത്തോട് വലിയ അഹങ്കാരമാണ് കാണിക്കുന്നതെന്നും ശിവൻ കുട്ടി വിമർശിച്ചിരുന്നു. നടിയുടെ പേര് എടുത്ത് പറയാതെയായിരുന്നു വിമർശനം .
ഓണം വാരാഘോഷ ഉദ്ഘാടത്തിൽ പ്രതിഫലം വാങ്ങാതെയാണ് ഫഹദും ദുൽഖർ സൽമാനും പങ്കെടുത്തിട്ടുള്ളത്. കൊല്ലത്ത് മമ്മൂട്ടി രണ്ട് മണിക്കൂർ ചെലവഴിച്ചു. കുട്ടികളുടെ പരിപാടിയെന്ന പരിഗണന എല്ലാവരും നൽകാറുണ്ട്.കലോത്സവത്തിലൂടെ പ്രശസ്തി നേടിയ നടിയോട് അഭ്യർത്ഥിച്ചപ്പോൾ അവർ 5 ലക്ഷം എന്റെ പ്രസ് സെക്രട്ടറിയോട് ചോദിച്ചു.
താൻ മറുപടിയൊന്നും പറഞ്ഞില്ല. ഇപ്പോൾ ഇത് വലിയ ചർച്ചാ വിഷയം ആയിരിക്കുകയാണ്. എന്നാൽ വെഞ്ഞാറമൂട് നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണെന്നും അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും വിവാദവും ഇതോടെ തീരട്ടെയെന്നും മന്ത്രി പറഞ്ഞു.