ഹൈദരാബാദ് : ‘പുഷ്പ 2: ദ റൂൾ’ എന്ന സിനിമയുടെ ഷോയ്ക്കിടെ തിയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടി സ്ത്രീ മരിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.തിയേറ്ററിൻ്റെ ഉടമകളിൽ ഒരാൾ, സീനിയർ മാനേജർ, ലോവർ ബാൽക്കണി ഇൻചാർജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലായിരുന്നു അപകടം. ദിൽഷുഖ്നഗർ സ്വദേശിനി 39-കാരി രേവതിയാണ് മരിച്ചത്. മരിച്ച യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അല്ലു അർജുനും അദ്ദേഹത്തിൻ്റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്മെൻ്റിനുമെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 105, 118 (1) എന്നിവ പ്രകാരം ചിക്കാടപ്പള്ളി പോലീസ് സ്റ്റേഷനിൽ സിറ്റി പോലീസ് കേസെടുത്തിരുന്നു.
സിനിമ കാണാനും സിനിമയിലെ പ്രധാന താരങ്ങൾ തിയേറ്ററിലേക്ക് വരുന്നത് കാണാനും വൻ ജനക്കൂട്ടം തിയേറ്ററിൽ തടിച്ചുകൂടിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. തടിച്ചുകൂടിയ ജനക്കൂട്ടത്തിനുനേരെ പോലീസ് ലാത്തിവീശി.
ബുധനാഴ്ച രാത്രി 11 മണിക്കാണ് ഹൈദരാബാദ് സന്ധ്യാ തീയേറ്ററില്‍ പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോ വെച്ചിരുന്നത്. ഭർത്താവിനും മക്കൾക്കുമൊപ്പമാണ് രേവതി സിനിമ കാണാനെത്തിയത്. സിനിമ കണ്ട് ഇറങ്ങുന്നതിനിടെയായിരുന്നു അപകടം. ഷോ കാണാൻ അല്ലു അർജുൻ ഉൾപ്പടെയുള്ള തിയേറ്ററിൽ താരങ്ങൾ എത്തിയിരുന്നു.ഇവരെ പുറത്തിറക്കാനായി ശ്രമിക്കുന്നതിനിടെ ആരാധകർ ഇരച്ചെത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
ആരാധകരുടെ ആവേശം അതിരുകടന്നതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ബുദ്ധിമുട്ടി. പിന്നാലെ ലാത്തിവീശുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് രേവതി കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ വന്നവർ രേവതിയുടെ പുറത്തേക്ക് വീണതോടെ സ്ഥിതി ഗുരുതരമായി. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
താരം തിയേറ്റർ സന്ദർശിക്കുമെന്ന് തിയേറ്റർ മാനേജ്മെൻ്റിൻ്റെ ഭാഗത്തുനിന്നോ അഭിനേതാക്കളുടെ ഭാഗത്തുനിന്നോ അറിയിപ്പൊന്നും ലഭിച്ചില്ല എന്നും പൊലീസ് പറയുന്നു .അഭിനേതാക്കളുടെ ടീമിന് വരാനും പോകാനും പ്രത്യേക കവാടങ്ങൾ ഉണ്ടായിരുന്നില്ല. അല്ലു അർജുന്റെ പേഴ്സണൽ സെക്യൂരിറ്റി ടീം പൊതുജനങ്ങളെ തള്ളിയിടാൻ തുടങ്ങിയത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി എന്നും പറയുന്നു.