ഇസ്ലാമാബാദ് : ഇറാനുമായി സമാധാനക്കരാറിലെത്താൻ എബ്രഹാം ഉടമ്പടിയിൽ ആറ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളും ഒപ്പ് വയ്ക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ നിർദേശം അംഗീകരിക്കാനാകില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് . പാകിസ്ഥാന്റെ അടിസ്ഥാന ആശയങ്ങൾക്ക് വിരുദ്ധമാണിതെന്നും അദ്ദേഹം പറഞ്ഞു.
‘ വ്യക്തിപരമായി പറഞ്ഞാൽ നമ്മുടെ ആശയസംഹിതകൾക്ക് വിരുദ്ധമായ ഇത്തരം ഉടമ്പടികളിൽ നാം ചേരുമെന്ന് കരുതുന്നില്ല . അത് സ്വീകാര്യമല്ലെന്ന വ്യക്തമായ നിലപാട് നമുക്കുണ്ട് ‘ – ഖ്വാജ ആസിഫ് പറഞ്ഞു. ഇസ്രായേലുമായുള്ള ബന്ധത്തെ കുറിച്ചും ഖ്വാജ തുറന്ന് പറഞ്ഞു. ഒറ്റ ദിവസത്തേയ്ക്ക് പോലും വിശ്വസിക്കാനാകാത്ത ആളുകൾക്കൊപ്പം എങ്ങനെയാണ് പാകിസ്ഥാന് മുന്നോട്ട് പോകാനാകുക എന്ന് ഖ്വാജ ആസിഫ് ചോദിച്ചു. ഇസ്രായേലിന്റെ പേര് പാസ്പോർട്ടിൽ ഉൾപ്പെടുത്താത്ത ഒരേ ഒരു രാജ്യം പാകിസ്ഥാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്രായേലും , അറബ് രാജ്യങ്ങളുമായുള്ള നയതന്ത്ര , സാമ്പത്തിക,. സുരക്ഷാബന്ധം സാധാരണനിലയിലെത്തിക്കുന്നതിനായി 2020 ൽ ട്രമ്പ് മുന്നോട്ട് വച്ച കരാറാണ് എബ്രഹാം ഉടമ്പടി. യുഎഇ, ബഹ്റിൻ എന്നീ രാജ്യങ്ങളാണ് ആദ്യം അകമ്പടിയിൽ ഒപ്പ് വച്ചത്. പിന്നാലെ മൊറോക്കോയും, സുഡാനും പങ്കാളികളായി. ഇവർക്ക് പുറമേ സൗദി, ഖത്തർ, പാകിസ്താൻ , ജോർദ്ദാൻ, തുർക്കി, ഈജിപ്റ്റ് എന്നീ രാജ്യങ്ങളും ഉടമ്പടിയിൽ ഒപ്പ് വയ്ക്കണമെന്നും ഇസ്രായേലിനെ അംഗീകരിക്കണമെന്നുമാണ് യുഎസ് ആവശ്യപ്പെടുന്നത്. എന്നാൽ പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചാൽ മാത്രമേ ഇസ്രായേലിനെ അംഗീകരിക്കൂവെന്നാണ് പാകിസ്ഥാന്റെ നിലപാട്.

