മൂന്ന് വർഷം മുൻപാണ് കടൽത്തീരത്ത് കളിക്കുകയായിരുന്ന ആറ് വയസുകാരൻ ബെന്നിന് ഇംഗ്ലണ്ടിലെ സസെക്സിലെ കടൽത്തീരത്ത് നിന്ന് വിചിത്രമായ കല്ല് ലഭിക്കുന്നത് . കൗതുകത്തിന് ബെൻ അത് വീട്ടിലേയ്ക്ക് കൊണ്ടു പോകുകയും ചെയ്തു . എന്നാൽ അന്ന് ബെൻ കണ്ടെത്തിയത് 50,000 വർഷം പഴക്കമുള്ള , നിയാണ്ടർത്തൽ മനുഷ്യർ ആയുധമായി ഉപയോഗിച്ചിരുന്ന കല്ലാണെന്നാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് .
വർത്തിംഗ് തിയറ്റേഴ്സ് ആൻഡ് മ്യൂസിയത്തിലെ പുരാവസ്തു, ക്യൂറേറ്ററായ ജെയിംസ് സെയിൻസ്ബറിയോട് ബെന്നിന്റെ അമ്മ തന്നെയാണ് മകന് കിട്ടിയ കല്ലിനെ പറ്റി പറഞ്ഞത് . എങ്കിലും ഈ കല്ലിൽ ഇത്രയേറെ രഹസ്യം ഒളിഞ്ഞ് കിടക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല.
‘ എനിക്ക് പലപ്പോഴും ഇതുപോലുള്ള ഇമെയിലുകൾ ലഭിക്കുന്നു, പ്രത്യേകിച്ച് ബീച്ചിൽ നിന്നുള്ള കണ്ടെത്തലുകളെ കുറിച്ച്, അവ പലപ്പോഴും സാധാരണ വെറും കല്ലുകൾ മാത്രമാണ്, എന്നാൽ ഈ ഫോട്ടോ കണ്ടപ്പോൾ തന്നെ ഞാൻ വിചാരിച്ചു അതൊരു അപ്പർ പാലിയോലിത്തിക്ക് നിയാണ്ടർത്തൽ ആയുധമാണെന്ന് .ഇത് തികച്ചും അവിശ്വസനീയമായ കണ്ടെത്തലാണ്. നിയാണ്ടർത്തൽ ആയുധങ്ങൾ താരതമ്യേന ചെറുതും ഇരുണ്ടതുമാകും . ‘ – അദ്ദേഹം പറഞ്ഞു.
യൂറോപ്പിലും ബ്രിട്ടനിലും അവരുടെ നാളുകൾ യഥാർത്ഥത്തിൽ എണ്ണപ്പെട്ടിരുന്ന വളരെ വൈകിയുള്ള നിയാണ്ടർത്തൽ കാലഘട്ടത്തിലേതാണിത് . ആ പ്രദേശത്തെ അവസാനത്തെ നിയാണ്ടർത്തൽ തലമുറകളാണ് മൗസ്റ്റീരിയൻ കൈ കോടാലികൾ പോലെയുള്ള ഇത്തരം ആയുധങ്ങൾ നിർമ്മിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഈ പുരാവസ്തു വർത്തിംഗ് മ്യൂസിയത്തിലേക്ക് മാറ്റിയിട്ടുണ്ട്.