ഷിർദ്ദി : 30 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആയുധക്കയറ്റുമതി രാജ്യമാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് . ഷിർദ്ദിയിൽ ഒരു വെടിമരുന്ന് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം . ആയുധ നിർമ്മാണങ്ങളിൽ സ്വകാര്യ കമ്പനികളുടെ പങ്ക് മുൻപ് വളരെ കുറവായിരുന്നു. എന്നാൽ ഇന്ന് അത് 30 ശതമാനമാണ് , സർക്കാർ അത് 50 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ നട്ടുകളും , ബോൾട്ടുകളും നൽകുന്ന വെറും വിതരണക്കാർ മാത്രമല്ല പ്രതിരോധരംഗത്ത് സ്വകാര്യ മേഖല . അത്യാധുനിക ആയുധങ്ങളും അവർ ഒരുക്കുന്നുണ്ട് .ഇന്ത്യയെ മുൻപ് ആയുധ ഇറക്കുമതിക്കാരായി കണക്കാക്കിയിരുന്നു. എന്നാൽ 30 വർഷത്തിനുള്ളിൽ ഇന്ത്യ ഏറ്റവും വലിയ ആയുധ കയറ്റുമതിക്കാരാകും . അതിൽ നിന്ന് ഇപ്പോൾ ഒരു ശക്തിക്കും നമ്മുടെ രാജ്യത്തെ തടയാൻ കഴിയില്ല.
സർക്കാരിന്റെ കാഴ്ച്ചപ്പാടും, സ്വകാര്യ മേഖലയുടെ നവീകരണവും ഒത്തുചേരുമ്പോൾ രാജ്യം പുതിയ ഉയരങ്ങളിലേയ്ക്ക് എത്തും . ഇന്ത്യയെ യുദ്ധോപകരണങ്ങളുടെയും ഓട്ടോമേഷന്റെയും കേന്ദ്രമാക്കി മാറ്റാൻ കഴിയണം . പ്രതിരോധവ്യവസായത്തെ സംബന്ധിച്ച് ഇന്ത്യ വളരെ ദൂരം മുന്നോട്ട് പോയി കഴിഞ്ഞു.
സ്വതന്ത്രത്തിന് മുൻപ് നമുക്ക് ആയുധഫാക്ടറികൾ ഉണ്ടായിരുന്നു. എന്നാൽ സ്വാതന്ത്യ്രാനന്തരം രാജ്യത്തിന്റെ പഴയകഴിവുകൾ സൈനികാവശ്യങ്ങളുമായി ഒത്തു പോയില്ല . ഇതിനു പിന്നിലെ പ്രധാന കാരണം സ്വകാര്യ പങ്കാളികൾക്ക് അവസരങ്ങൾ ലഭിച്ചില്ല എന്നതും, ആയുധ നിർമ്മാണം പൊതുമേഖലസ്ഥാപനങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയതുമാണ് “ അദ്ദേഹം പറഞ്ഞു. നിലവിൽ ഷിർദ്ദിയിലെ 2000 ഏക്കർ ഭൂമിയിലാണ് വെടിമരുന്ന് നിർമ്മാണ യൂണിറ്റ് നിർമ്മിച്ചിരിക്കുന്നത് .

