ന്യൂഡൽഹി : ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെതിരെ പാകിസ്ഥാൻ ശക്തമായ നടപടി എടുക്കണമെന്ന് ഇന്ത്യ . മസൂദ് തങ്ങളുടെ രാജ്യത്തില്ലെന്ന പാകിസ്ഥാന്റെ നിലപാടിന് വിരുദ്ധമായൈ അടുത്തിടെ ബഹവൽപൂരിൽ ഒരു പൊതുസമ്മേളനത്തിൽ മസൂദ് പ്രസംഗിച്ചതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു .
റിപ്പോർട്ട് ശരിയാണെങ്കിൽ തീവ്രവാദ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നതിൽ പാകിസ്ഥാൻ്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ തുറന്നുകാട്ടുന്നതെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
” അസ്ഹറിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. അയാൾ പാക്കിസ്ഥാനിലുണ്ടെന്ന കാര്യം നിഷേധിക്കപ്പെട്ടിട്ടുണ്ട്, എന്നാൽ ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അത് പാകിസ്ഥാൻ്റെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്. ഇന്ത്യയ്ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളിൽ മസൂദ് അസ്ഹറിന് പങ്കുണ്ട്, അയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” – ജയ്സ്വാൾ പറഞ്ഞു.
പാർലമെന്റ് ആക്രമണം മുതൽ പുൽവാമ ആക്രമണം വരെ ഇന്ത്യയിൽ നടന്ന നിരവധി സ്ഫോടനങ്ങൾക്ക് പിന്നിൽ മസൂദാണെന്ന് കണ്ടെത്തിയിട്ടുണ്ട് . ഭീകരസംഘങ്ങളുടെ ഓൺലൈൻ കൂട്ടായ്മയിലാണ് മസൂദിന്റെ പ്രസംഗം പ്രത്യക്ഷപ്പെട്ടത് . രണ്ട് പതിറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് മസൂദിന്റെ ഇത്തരമൊരു ദൃശ്യം പുറത്ത് വരുന്നത് .