വാഷിംഗ്ടൺ ; യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിലാണ് റഷ്യയുമായി വ്യാപാരം നടത്തുന്ന ഇന്ത്യയ്ക്ക് കയറ്റുമതികളിൽ 50 ശതമാനം വരെ തീരുവ യുഎസ് ചുമത്തിയിരുന്നത് . പിന്നീട് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങരുതെന്ന വ്യവസ്ഥയിൽ ഇന്ത്യയുമായി യുഎസ് ഒരു വ്യാപാര കരാറിൽ ഒപ്പുവച്ചിരുന്നു . എന്നാൽ അതിനു പിന്നാലെയാണ് ഇറാൻ സംഘർഷമുണ്ടായത് . ഇറാനുമായി യുദ്ധം ആരംഭിച്ച് ഹോർമുസ് കടലിടുക്ക് അടച്ചതിനു പിന്നാലെ റഷ്യയുമായുള്ള വ്യാപാരത്തിലും യുഎസ് ഇളവ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ യുഎസ് ഉപരോധ ഇളവ് കാലാവധി കഴിഞ്ഞിട്ടും, ഇന്ത്യ റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് തുടരുന്നുണ്ട് . തങ്ങളുടെ ദേശീയ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യാ സന്ദർശനത്തിന് തൊട്ടുമുമ്പ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പുറത്തിറക്കിയിരിക്കുന്ന പ്രസ്താവന ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.
. ഇന്ത്യ വാങ്ങാൻ ആഗ്രഹിക്കുന്നത്രയും ഇന്ധനം ഇന്ത്യയ്ക്ക് നൽകാൻ യുഎസ് വാഷിംഗ്ടൺ തയ്യാറാണെന്നാണ് മാർക്കോ റൂബിയോയുടെ പ്രഖ്യാപനം. മിയാമിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, ഇന്ത്യ മികച്ച സഖ്യകക്ഷിയും പങ്കാളിയുമാണെന്നാണ് റൂബിയോ വിശേഷിപ്പിച്ചത്. ഇന്ത്യയെ പിണക്കാൻ യുഎസ് ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തം. ഇറാൻ സംഘർഷത്തിനിടെ പാകിസ്ഥാൻ മധ്യസ്ഥം വഹിക്കുന്നുണ്ടെങ്കിലും ഇന്ത്യയാണ് ഇക്കാര്യത്തിൽ മധ്യസ്ഥം വഹിക്കാൻ അനുയോജ്യരെന്ന് അടുത്തിടെ ഇറാനും, റഷ്യയും വ്യക്തമാക്കിയിരുന്നു. ഇറാന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു പ്രസ്താവന വന്നതും യുഎസിന്റെ നയതന്ത്രത്തെ സ്വാധീനിച്ചിട്ടുണ്ട്.
“ഞങ്ങൾ ഒരുമിച്ച് വളരെ നന്നായി പ്രവർത്തിക്കുന്നു. ഇത് ഒരു പ്രധാന സന്ദർശനമാണ്. , കാരണം ഞങ്ങൾക്ക് ധാരാളം ചർച്ച ചെയ്യാനുണ്ട് .അവിടെ ക്വാഡ് രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുമായും ഞങ്ങൾ കൂടിക്കാഴ്ച നടത്തും, അത് വളരെ നിർണായകമാണ്. സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയിലുള്ള എന്റെ ആദ്യ കൂടിക്കാഴ്ചയും ക്വാഡുമായി ആയിരുന്നു. ഞങ്ങൾ ഇപ്പോൾ ഈ മീറ്റിംഗ് ഇന്ത്യയിൽ നടത്താൻ പോകുന്നതിൽ എനിക്ക് സന്തോഷമുണ്ട്, ഈ വർഷം അവസാനം ഞങ്ങൾക്ക് മറ്റൊരു മീറ്റിംഗ് ഉണ്ടാകും.” എന്നും റൂബിയോ പറഞ്ഞിരുന്നു.
മാത്രമല്ല വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസും അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കുമെന്നും ഇന്ത്യയിലേക്കുള്ള എണ്ണ വിൽപ്പന സംബന്ധിച്ച് ചർച്ചകൾ നടത്തുമെന്നും റൂബിയോ പറഞ്ഞു. ഈ വർഷം ഫെബ്രുവരി ആദ്യം ഇന്ത്യ വെനിസ്വേലയിൽ നിന്ന് എണ്ണ വാങ്ങാനുള്ള സാധ്യതയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചിരുന്നു. അതിന് പിന്നാലെ ഇന്ത്യൻ ഇറക്കുമതികൾക്കുള്ള താരിഫ് നിലവിലുള്ള 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചിരുന്നു.
യുഎസ് ഉപരോധങ്ങളെ തുടർന്ന് ഇന്ത്യൻ റിഫൈനറികൾ മുൻപേ തന്നെ വെനിസ്വേലൻ എണ്ണ വാങ്ങുന്നത് നിർത്തിയിരുന്നു. എന്നാൽ വെനിസ്വേലയിൽ അധികാരമാറ്റം വന്നതോടെ ഇന്ത്യയെ വീണ്ടും ആകർഷിക്കാനുള്ള ശ്രമത്തിലാണ് യുഎസ് . ലോകത്തിലെ ഏറ്റവും അസംസ്കൃത എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ റഷ്യയുമായുള്ള എണ്ണ വിതരണത്തിൽ നിന്ന് തടയാനും , തങ്ങൾക്കൊപ്പം നിർത്താനുമുള്ള യുഎസിന്റെ ശ്രമമാണ് റൂബിയോയുടെ പ്രസ്താവനയ്ക്ക് പിന്നിലെന്നത് വ്യക്തം.

