മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് അധികാരമേൽക്കും. ആസാദ് മൈതാനിയിൽ ഇന്ന് വൈകുന്നേരം അഞ്ചരയ്ക്കാണ് ചടങ്ങ്. മഹായുതി നേതാക്കൾ മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണനെ കണ്ടിരുന്നു. പിന്നാലെയാണു ഫഡ്നാവിസിനെ സർക്കാർ രൂപീകരിക്കാനായി ഗവർണർ ക്ഷണിച്ചത്. പ്രധാനമന്ത്രി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.ഇന്ന് രാവിലെ ദേവേന്ദ്ര ഫഡ്നാവിസ് മുംബൈയിലെ ശ്രീ സിദ്ധിവിനായക് ക്ഷേത്രത്തിലും ശ്രീ മുംബാദേവി ക്ഷേത്രത്തിലും പ്രാർത്ഥന നടത്തി
ശിവസേനാ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഏക്നാഥ് ഷിൻഡെ, എൻസിപി നേതാവ് അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായി ചുമതലയേൽക്കും. ഫഡ്നാവിസിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മുംബൈയിലെത്തി. ഫഡ്നാവിസിൻ്റെ മഹാരാഷ്ട്ര ഇരട്ടി വേഗത്തിൽ മുന്നേറുമെന്ന് അദ്ദേഹം പറഞ്ഞു.
“ദേവേന്ദ്ര ഫഡ്നാവിസിന് ഞാൻ എൻ്റെ ആശംസകൾ നേരുന്നു. മഹാരാഷ്ട്രയിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലേറിയതിൽ ഞാൻ അഭിമാനിക്കുന്നു. മൂന്നാം തവണയാണ് അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന് ആശംസകൾ നേരുന്നു. മഹാരാഷ്ട്ര അതിൻ്റെ ഇരട്ടി വേഗത്തിൽ മുന്നേറും, ”- സാവന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.