കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയമേറ്റു വാങ്ങിയതിനു പിന്നാലെ ടിഎംസി പുനസംഘടിപ്പിക്കാൻ ഒരുങ്ങി മമത ബാനർജി. കൊൽക്കത്തയിലെ കാളിഘട്ടിലുള്ള തന്റെ വസതിയിൽ, തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ പാർട്ടി സ്ഥാനാർത്ഥികളുമായും മമത ബാനർജി അവലോകന യോഗം നടത്തി.
പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ഈ യോഗത്തിൽ പങ്കെടുത്തു. പരാജയത്തെത്തുടർന്ന് പാർട്ടിയിൽ ആഭ്യന്തര സംഘർഷം പുകയുകയാണ്. പലരും പാർട്ടി വിടാനും ഒരുങ്ങിക്കഴിഞ്ഞു. പാർട്ടി വിടാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നാണ് മമത ബാനർജി പറയുന്നത് . എന്നാൽ ഏറെ പേരും കൊഴിഞ്ഞാൽ പാർട്ടിയുടെ ഭാവി എന്താകുമെന്ന ഭീതിയുമുണ്ട്.
“മറ്റ് പാർട്ടികളിൽ ചേരുന്നവരെ വിട്ടയക്കൂ. ഞാൻ പാർട്ടിയെ അടിത്തറ മുതൽ പുനർനിർമ്മിക്കും. എന്നോടൊപ്പം നിൽക്കുന്നവരോട് ഞാൻ പറയുന്നു: തകർന്ന പാർട്ടി ഓഫീസുകൾ നന്നാക്കുക, അവയ്ക്ക് പുതിയ പെയിന്റ് ചെയ്യുക, അവ വീണ്ടും തുറക്കുക. ആവശ്യമെങ്കിൽ, ഞാൻ തന്നെ ആ ഓഫീസുകൾ പെയിന്റ് ചെയ്യും. തൃണമൂൽ കോൺഗ്രസ് ഒരിക്കലും തലകുനിക്കില്ല. പലരും മറ്റ് പാർട്ടികളിലേക്ക് മാറുമെന്ന് എനിക്കറിയാം. ഒരുപക്ഷേ അവർക്ക് അവരുടേതായ നിർബന്ധങ്ങളുണ്ടാകാം. ഇതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. പോകാൻ ആഗ്രഹിക്കുന്ന ആർക്കും അങ്ങനെ ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. ആരെയും ബലമായി തടഞ്ഞുനിർത്തുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല.” എന്നാണ് മമത പറയുന്നത് .
എന്നാൽ പലയിടങ്ങളിലും ടിഎംസി ഓഫീസുകൾ തുറക്കാൻ പ്രവർത്തകർ മടിക്കുന്നത് തങ്ങൾ മുൻപ് ചെയ്ത ആക്രമണങ്ങൾക്ക് ബദൽ ലഭിക്കുമോ എന്ന ഭയത്തിലാണ്. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രം തന്നെയാണ് പൂർണ്ണമായും തകർന്നത് . സംസ്ഥാനത്തെ ആകെയുള്ള 294 നിയമസഭാ സീറ്റുകളിൽ ടിഎംസി വെറും 80 സീറ്റുകളായി ചുരുങ്ങി.291 സീറ്റുകളിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയപ്പോൾ, മൂന്ന് സീറ്റുകൾ സഖ്യകക്ഷിയായ ബിജിപിഎമ്മിന് അനുവദിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിച്ച 291 സ്ഥാനാർത്ഥികളിൽ 211 പേർക്ക് സീറ്റുകൾ നഷ്ടപ്പെട്ടു . മമത ബാനർജി അവരുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ഭബാനിപൂർ മണ്ഡലത്തിൽ തന്നെ പരാജയപ്പെട്ടു.

