ഡബ്ലിൻ: അയർലൻഡിൽ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർധിക്കുന്നു. 2025 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ഇത്തരം സംഭവങ്ങളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം ആദ്യ നാല് മാസത്തിനുള്ളിൽ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട 17,900 സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്.
ഗാർഡ ഷിക്കോണയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. ഗോ പർപ്പിൾ ഡേയുടെ തുടക്കത്തോട് അനുബന്ധിച്ചാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഈ വർഷം ആദ്യ നാല് മാസങ്ങളിൽ 4,900 കുറ്റങ്ങൾ ചുമത്തുകയോ സമൻസ് അയക്കുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ നാല് മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 14 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഈ വർഷം ഇതുവരെ 920 അറസ്റ്റുകൾ രേഖപ്പെടുത്തി.

