തിരുവനന്തപുരം : ദിവസങ്ങൾ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വി ഡി സതീശൻ എന്ന പേര് ഉയർന്നത് . മെയ് 4 ന് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം 10 ദിവസമാണ് സംസ്ഥാനം മുഖ്യമന്ത്രിയെ കാത്തിരുന്നത് . യുഡിഎഫിനായി വോട്ട് ചെയ്തവർ പോലും മടുത്തു പോയ സന്ദർഭങ്ങൾ. ഒരു പക്ഷെ ഈ പത്ത് ദിവസത്തിനുള്ളിൽ ഒരു തെരഞ്ഞെടുപ്പ് കൂടി നടന്നിരുന്നുവെങ്കിൽ ഇടതുപക്ഷം വിജയിക്കുമായിരുന്നു എന്നതായിരുന്നു അവസ്ഥ.
കെ സി, വിഡി, ആർ സി എന്നീ പേരുകളിൽ ആടിയാണ് ഇക്കഴിഞ്ഞ പത്ത് ദിവസവും രാഷ്ട്രീയ കേരളം കടന്ന് പോയത് . കോൺഗ്രസ് പ്രവർത്തകർ തെരുവുകളിൽ ഏറ്റുമുട്ടി, പ്രതിഷേധങ്ങൾ നടത്തി. മുസ്ലീം ലീഗാകട്ടെ പരസ്യമായി വി ഡി സതീശന് പിന്തുണയും പ്രഖ്യാപിച്ചു.അണികളുടെ ആശങ്കൾ അവസാനിച്ചെങ്കിലും നേതാക്കളുടെ പ്രതിഷേധം അടങ്ങിയിട്ടില്ല. ഹൈക്കമാൻഡിന്റെ തീരുമാനം കെ.സി. വേണുഗോപാൽ അംഗീകരിച്ചപ്പോൾ, അത്ര തൃപ്തനല്ല എന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
വി.ഡി. സതീശനായി സാമൂഹികമാധ്യമങ്ങളിലടക്കം വൻ ക്യാമ്പയിനുകളാണ് നടന്നത്. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാനാണ് കേരളത്തിലെ ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്തതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വാദിച്ചു. മങ്കടയിൽ ഇടിമിന്നലേറ്റ് മരിച്ചവർക്ക് ആദരവ് അർപ്പിച്ച് കെ സി വേണുഗോപാലിട്ട ഫേസ്ബുക്ക് പോസ്റ്റിൽ പോലും പരസ്യമായി അസഭ്യവർഷമുണ്ടായി. തേങ്ങ ഉടയ്ക്ക് സ്വാമീന്ന് പറഞ്ഞ് പലരും പോസ്റ്റുകളിൽ പരസ്പരം ഏറ്റുമുട്ടി.
ഇന്ന് എ ഐ സിസി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് ജനഹിതം മാനിച്ചാണെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നതെങ്കിലും ലീഗിന്റെ ഹിതമാണ് മുന്നിൽ എന്നത് വ്യക്തമാണ് . അതുകൊണ്ട് തന്നെ നന്ദിസൂചകമായി മലപ്പുറം വിഭജനം മുതൽ ഉപമുഖ്യമന്ത്രി സ്ഥാനം വരെ ലീഗ് ആവശ്യപ്പെട്ടേക്കാം.

