തിരുവനന്തപുരം : സംസ്ഥാന മുഖ്യമന്ത്രിയായി വി ഡി സതീശൻ അധികാരമേൽക്കും . കോൺഗ്രസുകാരനായ അഞ്ചാമത്തെ മുഖ്യമന്ത്രിയാണ് വി ഡി സതീശൻ . മുതിർന്ന കോൺഗ്രസ് നേതാക്കളായ ജയ്റാം രമേശ്, കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി എന്നിവർ ചേർന്നാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.2001 മുതൽ തുടർച്ചയായി പറവൂർ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിയാണ് വി ഡി.
എംഎൽഎമാരിൽ ഭൂരിഭാഗം പേരുടെയും പിന്തുണ കെ.സി.വേണുഗോപാലിന് ആയിരുന്നുവെങ്കിലും സംസ്ഥാനത്തെ പൊതുവികാരവും ഘടകക്ഷികളുടെ അഭിപ്രായങ്ങളും മൂന്ന് മുൻ കെ.പി.സി.സി. പ്രസിഡന്റുമാരുടെ ഉറച്ച നിലപാടും ഹൈക്കമാൻഡിനെ സതീശനിലേക്ക് എത്തിച്ചതിൽ നിർണായക ഘടകമായി.
മുഖ്യമന്ത്രി പദത്തിനായി കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും ഒരുപോലെ അവകാശവാദം ഉന്നയിച്ചതോടെ പാർട്ടിക്കുള്ളിലെ മത്സരം തെരുവിലേക്കെത്തി. നേതാക്കളെ പിന്തുണച്ച് ഫ്ളെക്സ് ബോർഡുകളും പോസ്റ്ററുകളും സ്ഥാപിക്കുകയും പ്രകടനങ്ങളും പ്രതിഷേധങ്ങളും നടക്കുകയും ചെയ്തു.നേരത്തെ കോൺഗ്രസിന്റെ ഘടകകക്ഷികളായ മുസ്ലീം ലീഗും സതീശനെ പിന്തുണച്ചിരുന്നു. അതുകൊണ്ട് തന്നെ വി ഡി ആകും ഇനി കേരളത്തെ നയിക്കുക എന്നത് ഏതാണ്ട് ഉറപ്പായിരുന്നു.ഇന്ന് രാവിലെ ന്യൂഡൽഹിയിൽവച്ച് രാഹുൽ ഗാന്ധിയുമായി കെ.സി.വേണുഗോപാൽ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലിന്റെ വസതിയിൽവച്ച് ഒന്നര മണിക്കൂറോളം ഇരുവരും ചർച്ച നടത്തി. അതേസമയം സർക്കാർ രൂപീകരിക്കാൻ അവകാശം ഉന്നയിച്ച് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും.
എറണാകുളം ജില്ലയിലെ നെട്ടൂരിൽ വടശ്ശേരി ദാമോദര മേനോന്റെയും വി.വിലാസിനിയമ്മയുടെയും മകനായാണ് വി ഡി സതീശന്റെ ജനനം. നിയമ ബിരുദധാരിയാണ്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയപ്രവേശം. തേവര സേക്രഡ് ഹാർട്ട് കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. എം.ജി, കേരള സർവ്വകലാശാലകളിൽ യൂണിയൻ കൗൺസിലറായിരുന്ന ഇദ്ദേഹം 1986-87 കാലത്ത് എം.ജി സർവ്വകലാശാലാ യൂണിയൻ ചെയർമാനായിരുന്നു. എൻ.എസ്.യു ദേശീയ കമ്മറ്റി സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്

