കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ബിജെപിയുടെ സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് നടന്ന ബിജെപി നിയമസഭാ പാർട്ടി യോഗത്തിലാണ് തീരുമാനം. ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെയാണ് അദ്ദേഹത്തിന്റെ പേര് പ്രഖ്യാപിച്ചത്.
എല്ലാ എംഎൽഎമാരും ഇതിനെ ഏകകണ്ഠമായി പിന്തുണച്ചു. തുടർന്ന്, സുവേന്ദു അധികാരി രാജ്ഭവനിലെത്തി ഗവർണർ ആർ.എൻ. രവിയെ കണ്ടു. എംഎൽഎമാരുടെ പിന്തുണ കത്ത് സമർപ്പിക്കുകയും പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഔദ്യോഗികമായി ഉന്നയിക്കുകയും ചെയ്തു. നാളെ, രാവിലെ 11 ന് കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാചടങ്ങുകൾ നടക്കുക.
സംസ്ഥാനത്തെ ആദ്യത്തെ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. സുവേന്ദുവിനൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്. ഇത് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് കാരണമായേക്കാം.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും രാജി വയ്ക്കില്ലെന്ന നിലപാടിൽ മമത ബാനർജി നിന്നതോടെ കഴിഞ്ഞ ദിവസം ഗവർണർ ആർ.എൻ. രവി സംസ്ഥാന നിയമസഭ പിരിച്ചുവിട്ടിരുന്നു.

