കൊൽക്കത്ത: ബംഗാളിലെ ഫാൽറ്റ നിയമസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. ഫാൽറ്റ നിയമസഭാ മണ്ഡലത്തിലെ 285 പോളിംഗ് സ്റ്റേഷനുകളിലും റീപോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി . മെയ് 21 ന് വീണ്ടും വോട്ടെടുപ്പ് നടക്കും. ഈ സീറ്റിലേക്കുള്ള ഫലം മെയ് 24 ന് പ്രഖ്യാപിക്കും.
ഫാൽറ്റയിൽ ആകെ 6 സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പ് മത്സരരംഗത്തുള്ളത്. ടിഎംസിയിൽ നിന്ന് ജഹാംഗീർ ഖാൻ, ബിജെപിയിൽ നിന്ന് ദിബാങ്ഷു പാണ്ഡ, കോൺഗ്രസിൽ നിന്ന് അബ്ദുർ റസാഖ് മൊല്ല, സിപിഐഎമ്മിൽ നിന്ന് ശംഭു നാഥ് എന്നിവരാണ് ഫാൽറ്റയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇവരെ കൂടാതെ രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്.
ഫാൽറ്റയിൽ പൂർണ്ണമായ റീപോളിംഗ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 29-ന് 144-ഫാൾട്ട നിയമസഭാ മണ്ഡലത്തിലെ നിരവധി പോളിംഗ് സ്റ്റേഷനുകളിൽ നടന്ന ഗുരുതരമായ തിരഞ്ഞെടുപ്പ് ക്രമക്കേടുകളും ജനാധിപത്യ പ്രക്രിയയെ തടസ്സപ്പെടുത്തുന്ന സംഭവങ്ങളും ശ്രദ്ധയിൽപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷൻ, 285 പോളിംഗ് സ്റ്റേഷനുകളിലും റീപോളിംഗ് നടത്താൻ നിർദ്ദേശിക്കുകയായിരുന്നു.

