ഗൾഫിൽ വിന്യസിച്ചിരിക്കുന്ന യുഎസ് മറൈൻ സൈനികരുടെ സ്വകാര്യ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി റിപ്പോർട്ട്.ഇറാനുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഹൻഡല എന്ന സൈബർ ഹാക്കിംഗ് ഗ്രൂപ്പാണ് സൈനികരുടെ സ്വകാര്യ വിവരങ്ങൾ പുറത്ത് വിട്ടതെന്നാണ് സൂചന . ടെലിഗ്രാം ചാനലിലെ പോസ്റ്റിലാണ് , 2,379 ഉദ്യോഗസ്ഥരുടെ പേരുകളും വിശദാംശങ്ങളും പ്രസിദ്ധീകരിച്ചതെന്നും ഹൻഡല ഗ്രൂപ്പ് പറയുന്നു.
മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് ഉദ്യോഗസ്ഥർക്ക് വാട്ട്സ്ആപ്പിൽ ഭീഷണി സന്ദേശങ്ങൾ അയച്ചതായും അവർ നിരീക്ഷണത്തിലാണെന്നും അവരെ ലക്ഷ്യം വയ്ക്കുമെന്നും മുന്നറിയിപ്പ് നൽകിയതായും ഇറാഖ് ആസ്ഥാനമായുള്ള ഷഫാഖ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കുടുംബ വിവരങ്ങൾ, വീട്ടുവിലാസങ്ങൾ, ദൈനംദിന ദിനചര്യകൾ, സൈനിക നീക്കങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടെയുള്ള ഡാറ്റകൾ തങ്ങളുടെ പക്കലുണ്ടെന്നും ഹൻഡല ഗ്രൂപ്പ് പറയുന്നു . കൂടുതൽ വെളിപ്പെടുത്തലുകൾ തുടർന്ന് ഉണ്ടാകാമെന്നും ഇവർ സൂചന നൽകി.
സൈനിക ഉദ്യോഗസ്ഥരുടെ ഐഡന്റിറ്റികളും സ്ഥലങ്ങളും വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കണക്കിലെടുത്ത്, ഈ സംഭവം യുഎസ് പ്രതിരോധ വിഭാഗത്തിൽ ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. അപകട വ്യാപ്തി നിർണ്ണയിക്കാനും പ്രത്യാഘാതങ്ങൾ വിലയിരുത്താനും നിർണ്ണായക യോഗങ്ങളും നടക്കുന്നുണ്ട്.ഡാറ്റ എങ്ങനെ ലഭിച്ചിരിക്കാമെന്നും കൂടുതൽ സംവിധാനങ്ങൾ അപഹരിക്കപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ മാസം എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന്റെ സ്വകാര്യ ഇൻബോക്സ് ഹാക്ക് ചെയ്തതായും ഇതേ സംഘം പരസ്യമായി അവകാശപ്പെട്ടിരുന്നു. ഡയറക്ടറുടെ ഫോട്ടോകളും അദ്ദേഹത്തിന്റെ റെസ്യൂമെയും ഇവർ ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.

