മുംബൈ: എൻസിപി നേതാവ് ബാബ സിദ്ദിഖി വധക്കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയ യുവാവ് അറസ്റ്റിൽ . സുമിത് ദിനകർ വാഗ് (26) നെയാണ് നാഗ്പൂരിൽ നിന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ എണ്ണം 26 ആയി. മഹാരാഷ്ട്രയിലെ അകോല സ്വദേശിയാണ് ഇയാൾ. അറസ്റ്റിലായ മറ്റൊരു പ്രതി സൽമാൻ വോറയുടെ പേരിൽ എടുത്ത പുതിയ സിം കാർഡ് വഴിയാണ് ഇയാൾ ഇന്റർനെറ്റ് ബാങ്കിംഗ് നടത്തിയത്.
കേസിൽ അറസ്റ്റിലായിട്ടുള്ള പ്രധാന പ്രതി ഗുർനൈൽ സിങ്ങിന്റെ സഹോദരൻ നരേഷ്കുമാർ സിങ്, രൂപേഷ് മെഹോൾ, ഹരീഷ് കുമാർ തുടങ്ങിയവർക്ക് സുമിത് ദിനകർ സാമ്പത്തിക സഹായം നൽകിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ഈ മാസം ആദ്യം അറസ്റ്റിലായ ഷൂട്ടർ ശിവകുമാർ ഗൗതമിന്റെ അറസ്റ്റിന് പിന്നാലെയാണ് കേസിൽ പങ്കാളികളായ കൂടുതൽ ആളുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്.
എൻ സിപി നേതാവ് ബാബ സിദ്ദിഖി ഒക്ടോബർ 12നാണ് വെടിയേറ്റ് മരിച്ചത് . മകന്റെ ഓഫീസിൽ നിന്ന് പുറത്തിറങ്ങി കാറിൽ കയറാൻ ശ്രമിക്കവേ അക്രമിസംഘം വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പിടിയിലായവർ തങ്ങൾ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന് പോലീസിനോട് പറഞ്ഞിരുന്നു.. കൊലപാതകം ആസൂത്രണം ചെയ്തതില്‍ ബിഷ്ണോയ് സംഘത്തിന്റെ പങ്കിനെ കുറിച്ചും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.