ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് സ്ഥാനമൊഴിയാനിരിക്കുന്ന ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രസീലിലെ റിയോ ഡി ജനീറോയിൽ ജി20 ഉച്ചകോടിക്കായി എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച്ച . ‘ ഡിലൈറ്റ് ‘ എന്നാണ് മോദി ഈ കൂടിക്കാഴ്ച്ചയെ വിശേഷിപ്പിച്ചത്. ” റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ജോ ബൈഡനൊപ്പം. അദ്ദേഹത്തെ കണ്ടുമുട്ടുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്” എന്ന അടിക്കുറിപ്പോടെയാണ് ബൈഡനോടൊപ്പമുള്ള ചിത്രം നരേന്ദ്രമോദി പങ്കുവച്ചിരിക്കുന്നത്.
നിരവധി ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് , സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ് എന്നിവരുമായി നടത്തിയ ആശയവിനിമയത്തിന്റെ ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്. ബ്രസീലിയൻ പ്രസിഡന്റ് ലുല. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും സന്തോഷത്തിനിട നൽകുന്നുവെന്നാണ് മെലോണി സോഷ്യൽ മീഡിയയിൽ കുറിച്ചത്.ബ്രസീലിലേക്ക് പോകുന്നതിന് മുൻപ് പ്രധാനമന്ത്രി മോദി നൈജീരിയ സന്ദർശിച്ചിരുന്നു. ഗയാന കൂടി സന്ദർശിക്കുന്നതോടെ അദ്ദേഹത്തിന്റെ ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാകും. 50 വർഷത്തിനു ശേഷം അവിടെ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി . നവംബർ 21നാണ് മോദി ഇന്ത്യയിലേക്ക് മടങ്ങിയെത്തുക.