ന്യൂഡൽഹി: ഇന്ത്യൻ വംശജയായ നാസ ബഹിരാകാശയാത്രിക സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി മാർച്ച് ഒന്നിന് എഴുതിയ കത്ത് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എക്സിൽ പങ്കുവച്ചു. സുനിതയെ കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും യുഎസ് സന്ദർശന വേളയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ മുൻഗാമിയായ ജോ ബൈഡനെയും കണ്ടപ്പോൾ സുനിത വില്യംസിന്റെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചതായും പ്രധാനമന്ത്രി കത്തിൽ പറയുന്നു.
1.4 ബില്യൺ ഇന്ത്യക്കാർ നിങ്ങളുടെ നേട്ടങ്ങളിൽ അഭിമാനം കൊള്ളുന്നു. സമീപകാല സംഭവവികാസങ്ങൾ നിങ്ങളുടെ പ്രചോദനാത്മകമായ ധൈര്യവും സ്ഥിരോത്സാഹവും വീണ്ടും പ്രകടമാക്കിയിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ഇന്ത്യ, സുനിതയുടെ പിതാവിന്റെ പൂർവ്വിക ഭൂമിയാണെന്ന് സുനിതയുടെ സഹോദരഭാര്യ ഫാൽഗുനി പാണ്ഡ്യ പറഞ്ഞു. ആ രാജ്യവുമായി അവർക്ക് അടുത്ത ബന്ധമുണ്ട്. എന്നാണ് ഇന്ത്യയിലെത്തുകയെന്ന് വ്യക്തതയില്ല, ഉടൻ ഇന്ത്യയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം തന്നെയുണ്ടാകുമെന്നും ഫാൽഗുനി പാണ്ഡ്യ പറഞ്ഞു.