പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാലിന്റെ L2: എമ്പുരാന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രെയിലർ ആദ്യം കണ്ടത് സൂപ്പർസ്റ്റാർ രജനീകാന്ത്. ചെന്നൈയിലെ പോയസ് ഗാർഡനിലെ വസതിയിൽ രജനീകാന്തിനെ കണ്ടുമുട്ടിയ നിമിഷം തനിക്ക് മറക്കാനാകാത്തതാണെന്നാണ് സംവിധായകൻ കൂടിയായ നടൻ പൃഥ്വിരാജ് സുകുമാരൻ പറയുന്നത് .
‘എമ്പുരാൻ ട്രെയിലർ ആദ്യം കണ്ട വ്യക്തി. ട്രെയിലർ കണ്ടതിനു ശേഷം അങ്ങു പറഞ്ഞ വാക്കുകൾ ഞാൻ എന്നും വിലമതിക്കും സർ. വാക്കുകള്‍ പറഞ്ഞാൽ മതിയാകില്ല. എന്നും ഫാൻബോയ്.’’–പൃഥ്വിരാജിന്റെ വാക്കുകൾ.
ചെന്നൈയിൽ രജനികാന്തിന്റെ വീട്ടിലെത്തിയാണ് പൃഥ്വിരാജ് അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയത് . ‘എമ്പുരാൻ’ മാർച്ച് 27ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. 2019-ല്‍ ഇറങ്ങിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രം ലൂസിഫറിന്റെ തുടര്‍ച്ചയായെത്തുന്ന എല്‍2: എമ്പുരാന് എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലുമായി 14 മാസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ചിത്രത്തിൽ മോഹൻലാലിനൊപ്പം മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസില്‍, സാനിയ അയ്യപ്പൻ, പൃഥ്വിരാജ്, നൈല ഉഷ, അര്ജുന് ദാസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫ്രഞ്ച് നടന് എറിക് എബൗനി, ബ്രിട്ടീഷ് നടി ആന്‍ഡ്രിയ തിവദാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നിരവധി വിദേശ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.