സുൽത്താൻ ബത്തേരി : ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിലെ രണ്ട് പേർ കൂടി പിടിയിൽ. നൈജീരിയൻ പൗരനായ ചിക്ക അബാജുവോ (40), ത്രിപുരയിലെ അഗർത്തല സ്വദേശിയായ സന്ദീപ് മാലിക് (27) എന്നിവരാണ് പിടിയിലായത് . നേരത്തെ അറസ്റ്റിലായ പ്രിൻസ് സാംസണിന്റെ കൂട്ടാളികളായിരുന്നു ഇരുവരും. സന്ദീപ് ബെംഗളൂരുവിൽ ബിസിഎ വിദ്യാർത്ഥിയാണ്.
സുൽത്താൻ ബത്തേരി പോലീസിലെയും വയനാട് പോലീസിലെ ആന്റി-നാർക്കോട്ടിക് വിഭാഗത്തിലെയും ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സുൽത്താൻ ബത്തേരി പോലീസ് ബെംഗളൂരുവിലെ ഒരു ഫ്ലാറ്റ് റെയ്ഡ് ചെയ്ത് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയ രണ്ട് പ്രതികളെ പിടികൂടിയിരുന്നു
മൊബൈൽ ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും പുറമേ, മറ്റ് ലഹരി കടത്ത് സംഘവുമായി ഇവരെ ബന്ധിപ്പിക്കുന്ന നിരവധി രേഖകളും ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തു.
ഫെബ്രുവരിയിൽ സുൽത്താൻ ബത്തേരിയിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കടത്ത് കേസിൽ ആകെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ ഉൾപ്പെടെയുള്ള വിവിധ മയക്കുമരുന്നുകൾ സംസ്ഥാനത്തേക്ക് കടത്തുന്നതിൽ പ്രധാനികളാണിവർ. പ്രതികളുമായി ബന്ധപ്പെട്ട നിരവധി അക്കൗണ്ടുകളിലെ വലിയ പണമിടപാടുകളും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
ഫെബ്രുവരി 24 ന് മുത്തങ്ങ ചെക്ക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ 93.84 ഗ്രാം എംഡിഎംഎയുമായി മലപ്പുറം ചെറുമുക്ക് സ്വദേശിയായ ഷെഫീക്കിനെ പിടികൂടിയപ്പോഴാണ് സംഘത്തിന്റെ പ്രവർത്തനത്തെ പറ്റി പുറത്ത് അറിയുന്നത് . . വടക്കൻ ജില്ലകളിലെ റാക്കറ്റുകൾക്കും ബെംഗളൂരുവിലെ മയക്കുമരുന്ന് കടത്തുകാർക്കും ഇടയിലുള്ള പ്രധാന കണ്ണിയായിരുന്നു ഷെഫീക്ക്.