കൊല്ലം: കുന്നിക്കോട് നിന്ന് കാണാതായ പതിമൂന്നുകാരിയെ തിരൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 2 മണി മുതലാണ് കുട്ടിയെ കാണാതായത്. വൈകുന്നേരം 6:30 ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. അമ്മ ശകാരിച്ചതിനെ തുടർന്ന് കുട്ടി വീട് വിട്ടുപോയതാണെന്ന് പോലീസ് പറഞ്ഞു.
അമ്മയുമായുള്ള വഴക്കിനെക്കുറിച്ച് കുട്ടി തന്റെ സുഹൃത്തിനെ അറിയിച്ചിരുന്നു. കൊല്ലം റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോലീസും ബന്ധുക്കളും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് തിരൂരിൽ നിന്ന് കുട്ടി വീട്ടിലേക്ക് വിളിച്ചത്. പെൺകുട്ടിയുടെ സഹോദരൻ തിരൂരിൽ പഠിക്കുകയാണ്.
സ്റ്റേഷനിൽ വച്ച് പരിചയപ്പെട്ട യാത്രക്കാരിയുടെ ഫോണിൽ നിന്നാണ് വിളിച്ചതെന്ന് കുട്ടി പറഞ്ഞതായും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടി സുരക്ഷിതയാണെന്നും ആർപിഎഫിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.