ന്യൂഡൽഹി: ജാഫർ എക്സ്പ്രസ് ആക്രമണത്തിൽ പങ്കുണ്ടെന്ന പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണങ്ങൾ ശക്തമായി നിഷേധിച്ച് ഇന്ത്യ . ‘ പാകിസ്ഥാൻ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഞങ്ങൾ ശക്തമായി നിരസിക്കുന്നു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവൻ അറിയാം. സ്വന്തം ആഭ്യന്തര പ്രശ്നങ്ങൾക്കും പരാജയങ്ങൾക്കും മറ്റുള്ളവരിലേക്ക് വിരൽ ചൂണ്ടുന്നതിനുപകരം പാകിസ്ഥാൻ ഉള്ളിലേക്ക് നോക്കണം.‘ – ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ജാഫർ എക്സ്പ്രസ് ആക്രമണത്തിൽ ഉൾപ്പെട്ട വിമതർ അഫ്ഗാനിസ്ഥാനിലെ ഭീകരരുമായി ബന്ധപ്പെട്ടിരുന്നുവെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഷഫ്ഖത്ത് അലി ഖാൻ ആരോപിച്ചു. ‘ ഇന്ത്യ പാകിസ്ഥാനിൽ നടന്ന തീവ്രവാദത്തിൽ പങ്കാളിയായിരുന്നു. ജാഫർ എക്സ്പ്രസിനെതിരായ പ്രത്യേക ആക്രമണത്തിൽ, തീവ്രവാദികൾ അഫ്ഗാനിസ്ഥാനിലെ അവരുടെ സംഘത്തലവന്മാരുമായും ബന്ധപ്പെട്ടിരുന്നു,” ഷഫ്ഖത്ത് അലി ഖാൻ ആരോപിച്ചു.
ബലൂചിസ്ഥാനിലെ ഏറ്റവും വലിയ സായുധ വംശീയ ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ചൊവ്വാഴ്ച ജാഫർ എക്സ്പ്രസിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.33 അക്രമികളെ കൊന്നതായും ബന്ദികളെ മോചിപ്പിച്ചതായും പാകിസ്ഥാൻ സൈന്യം അറിയിച്ചു. ഏറ്റുമുട്ടലിൽ 21 ബന്ദികളും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു .
എന്നാൽ, പാക് സൈന്യത്തിന്റെ അവകാശവാദം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി നിരസിച്ചു . ട്രെയിൻ യാത്രക്കാർ ഇപ്പോഴും ബന്ദികളാണെന്നും സുരക്ഷാ സേനയുമായുള്ള പോരാട്ടം തുടരുകയാണെന്നും അവർ പറഞ്ഞു. 50 ബന്ദികളെ വധിച്ചതായും സംഘം അവകാശപ്പെട്ടു.