കൊച്ചി: കളമശ്ശേരിയിലെ ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ ഹോസ്റ്റലിൽ വൻ മയക്കുമരുന്ന് വേട്ട . കൊച്ചി സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടി. മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച രാത്രി ക്യാമ്പസിലെ പെരിയാർ മെൻസ് ഹോസ്റ്റലിലാണ് പോലീസ് റെയ്ഡ് നടത്തിയത്.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ആര്. അഭിരാജ് , കുളത്തൂപ്പുഴ വില്ലുമല സ്വദേശി ആകാശ് എം (21), ആലപ്പുഴയിലെ ഹരിപ്പാട് സ്വദേശി ആദിത്യൻ (20), എന്നിവരാണ് അറസ്റ്റിലായത്. ആകാശിന്റെ മുറിയിൽ നിന്ന് 1.909 കിലോഗ്രാം കഞ്ചാവും മറ്റുള്ളവരിൽ നിന്ന് 9.7 ഗ്രാമും പോലീസ് പിടിച്ചെടുത്തു.
മൂന്ന് പ്രതികൾക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. രണ്ട് വിദ്യാർത്ഥികൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.മൂന്നുപേര്‍ക്കെതിരെയും കേസെടുത്തെങ്കിലും അഭിരാജിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടത് ദുരൂഹമായി. രണ്ടാഴ്ച മുമ്പ് കോളേജിലെ രണ്ട് പൂർവ്വ വിദ്യാർത്ഥികളെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തതിന് ശേഷം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡുകൾ നടത്തിയതെന്ന് കൊച്ചി നാർക്കോട്ടിക് സെൽ എസിപി കെ എ അബ്ദുൾ സലാം പറഞ്ഞു. പോലീസ് ഹോസ്റ്റലിൽ റെയ്ഡ് നടത്തിയപ്പോൾ അവർ ചെറിയ പാക്കറ്റുകളിലായി കഞ്ചാവ് പായ്ക്ക് ചെയ്യുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.