ഇസ്ലാമബാദ് : പാകിസ്താനിൽ ഭീകരർ പാസഞ്ചർ ട്രെയിൻ തട്ടിയെടുത്തു. സുരക്ഷ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി. 450 ഓളം യാത്രക്കാരെ ബന്ദികളാക്കി. ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസ്സാണ് ഭീകരർ തട്ടിയെടുത്തത്.
ട്രെയിനിൽ ഉണ്ടായിരുന്ന ലോക്കോ പൈലറ്റിനു നേരെ ഭീകരർ വെടിയുതിർത്തതായും, 6 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതയും റിപ്പോർട്ട് ഉണ്ട്.
ബലൂചിസ്ഥാൻ പ്രവിശ്യക്ക് സ്വയംഭരണം നല്‍കണമെന്ന് മുന്നേ ആവശ്യപ്പെട്ടിരുന്ന ബലൂച് ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് വ്യക്തമാകുന്നത്.
താങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം ഉണ്ടായാൽ ബന്ദികളെ കൊലപ്പെടുത്തുമെന്നും ഇവർ ഭീഷണി അറിയിച്ചിട്ടുണ്ട്. ഭീകരരുടെ ആവശ്യം സംബന്ധിച്ച് ഇതുവരെ കൂടുതൽ വിവരം വ്യക്തമായിട്ടില്ല.
അതേസമയം ട്രെയിനിലുള്ള യാത്രക്കാരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് പാകിസ്താൻ റെയിൽവേ അധികൃതർ അറിയിച്ചു. പാറകൾ നിറഞ്ഞ പ്രദേശമായതിനാൽ ട്രെയിൻ നിർത്തിയിട്ട സ്ഥലത്തേക്ക് എത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സൈന്യത്തെയും ട്രെയിനുകളും അയച്ചുവെന്ന് പാകിസ്താൻ ഭരണകൂടം അറിയിച്ചു.