തിരുവനന്തപുരം : പള്ളുരുത്തി സെന്റ് റീത്താ സ്കൂളിനെതിരെ ഭീഷണിയുമായി മന്ത്രി വി ശിവൻ കുട്ടി . കേരള വിദ്യാഭ്യാസ ചട്ടം (കെഇആർ) 25 ൽ സ്കൂൾ തുടങ്ങാൻ അനുമതി കൊടുക്കാനും അതിലെ മൂന്നാം വിഭാഗപ്രകാരം നൽകിയ അംഗീകാരം റദ്ദാക്കാനും സർക്കാരിന് അധികാരമുണ്ടെന്നാണ് ശിവൻകുട്ടിയുടെ ഭീഷണി .
‘ ഒരു സ്കൂൾ മാനേജ്മെന്റിന് സ്വയം തീരുമാനമെടുത്ത് മുന്നോട്ടുപോകാനാവില്ല. നാട്ടിലെനിയമം അനുസരിക്കേണ്ടതുണ്ട്. വിഷയം രമ്യമായി പരിഹരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ലീഗൽ അഡ്വൈസർക്ക് നയമൊന്നും പറയാൻ അധികാരമില്ല. യൂണിഫോം വിഷയത്തിൽ യുണിഫോമിന്റെ നിറമുള്ള ശിരോവസ്ത്രം അനുവദിക്കാൻ നിർദ്ദേശം നൽകിയതാണ്. ശിരോവസ്ത്രം പാടില്ലെന്ന് വാദിക്കുന്ന അദ്ധ്യാപിക ശിരോവസ്ത്രമിട്ടാണിരിക്കുന്നത് എന്നതാണ് രസം. ഇനിയാണെങ്കിലും ഒന്നിച്ചിരുന്ന് വിദ്യാർത്ഥിയുമായി ചർച്ച നടത്തി ആ കുട്ടിയെ പഠിക്കാൻ അനുവദിക്കുകയാണ് വേണ്ടത്.
വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്താൻ വിദ്യാഭ്യാസ ഡയറക്ടറെത്തന്നെ ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് പറഞ്ഞിട്ടുള്ളത്. അതനുസരിച്ച് തുടർനടപടിയുണ്ടാകും. സർക്കാരിന് ഇതൊക്കെ കണ്ട് ‘നമശ്ശിവായ’ എന്നു പറഞ്ഞിരിക്കാനാവില്ല. അതിനാലാണ് ഞാൻ പ്രതികരിച്ചത് .വിദ്യാഭ്യാസമന്ത്രി ഓടിളക്കി വന്നതല്ലെന്നും പ്രതിസന്ധികളെ നേരിടാൻ കെൽപ്പുള്ളവരാണ് തങ്ങളെന്നും മന്ത്രി പറഞ്ഞു.

