കൊൽക്കത്ത : ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി. ഈ തെരഞ്ഞെടുപ്പ് ഫലം ജനവിധിയല്ലെന്നും മറിച്ച് ഗൂഢാലോചന നടത്തിയതാണെന്നും ആരോപിച്ചാണ് മമത രാജി വയ്ക്കാത്തത് . തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് മമത രാജി വയ്ക്കില്ലെന്ന് പ്രഖ്യാപിച്ചത്.
‘ എന്റെ രാജിയെക്കുറിച്ചുള്ള ചോദ്യം ഉയരുന്നില്ല…. ഞാൻ തോറ്റില്ലല്ലോ ഞാൻ ലോക്ഭവനിൽ പോകില്ല. ഭരണഘടനാ മാനദണ്ഡങ്ങൾക്കനുസരിച്ച് അവർക്ക് നടപടിയെടുക്കാം,” മമത ബാനർജി പറഞ്ഞു. ബംഗാൾ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണിതെന്ന് പറഞ്ഞ മമത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് തിരഞ്ഞെടുപ്പിലെ വില്ലനെന്നും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) സമഗ്രതയെയും ബിജെപി അട്ടിമറിച്ചതെന്നും പറഞ്ഞു.
തന്റെ പ്രവർത്തകർ ഭീഷണി നേരിടുകയാണ്. ജീവൻ രക്ഷിക്കാൻ അവർ ബിജെപിയിൽ ചേരുന്നതിൽ തനിക്ക് പരാതിയില്ല. ഇനി താനൊരു സ്വതന്ത്ര പക്ഷിയാണ്. തെരഞ്ഞെടുപ്പിൽ കേന്ദ്ര ഏജൻസികളെയും കേന്ദ്ര സേനയെയും ദുരുപയോഗം ചെയ്ത് ബൂത്തുകൾ പിടിച്ചെടുത്തുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് കൂട്ടുനിന്നുവെന്നും തന്റെ പരാജയം അംഗീകരിക്കില്ലെന്നും മമത പറഞ്ഞു . തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും എന്നാൽ അതിന്റെ തന്ത്രങ്ങൾ ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും അവർ പറഞ്ഞു.
വോട്ടെടുപ്പിനു ശേഷം ഇവിഎമ്മുകൾ 80–95 ശതമാനം ചാർജിംഗ് കാണിച്ചത് എങ്ങനെയെന്ന് വിശദീകരിക്കാമോ? അത് എങ്ങനെ സാധ്യമാകും? തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പോലും പോലീസ് ആളുകളെ വിവേചനരഹിതമായി അറസ്റ്റ് ചെയ്യാൻ തുടങ്ങി. എല്ലായിടത്തും റെയ്ഡുകൾ നടന്നു. തങ്ങൾ കടുവകളെപ്പോലെയാണെന്നും പോരാടിയെന്നും മമത പറഞ്ഞു.
രാജീവ് ഗാന്ധി, അടൽ ബിഹാരി വാജ്പേയി, ഡോ. മൻമോഹൻ സിംഗ് എന്നിവരുടെ ഭരണകാലം താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ ഇത്രയും ക്രൂരമായ കാലം മുൻപ് കണ്ടിട്ടില്ല. അധികാരം ശാശ്വതമല്ല. ചരിത്രം ആവർത്തിക്കും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങി ഇന്ത്യ മുന്നണിയിലെ പ്രധാന നേതാക്കൾ തന്നെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചതായും അഖിലേഷ് യാദവ് നാളെ തന്നെ കാണാൻ നേരിട്ടെത്തുമെന്നും മമത അറിയിച്ചു.
പാർട്ടി പ്രവർത്തകരുടെ മനോവീര്യം കെടുത്താൻ വോട്ടെണ്ണൽ മനഃപൂർവ്വം മന്ദഗതിയിലാക്കി . തന്നോട് മോശമായി പെരുമാറി, അതിനാൽ മറ്റ് സ്ഥാനാർത്ഥികളും പ്രവർത്തകരും എത്രമാത്രം പീഡിപ്പിക്കപ്പെട്ടുവെന്ന് ഊഹിക്കാൻ കഴിയും. പാർട്ടിയും മറ്റ് ഇന്ത്യാ ബ്ലോക്ക് നേതാക്കളും അവരോടൊപ്പം ഐക്യദാർഢ്യത്തോടെ നിൽക്കുന്നു. തങ്ങൾ തിരിച്ചടിക്കും . ഇന്ത്യ മുന്നണിയിലെ നേതാക്കളുമായി ചേർന്ന് ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്നും മമത ബാനർജി പറഞ്ഞു.

