കൊച്ചി : ശബരിമല സ്വർണ്ണ മോഷണ കേസിൽ നടൻ ജയറാം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി. കടവന്ത്രയിലെ ഓഫീസിലാണ് നടൻ ഹാജരായത്. തനിക്ക് പറയാനുള്ളത് മുഴുവൻ ഇഡിയോട് പറയുമെന്ന് ജയറാം മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച നടന് ഇഡി നോട്ടീസ് അയച്ചിരുന്നു.
“ഭഗവാൻ അയ്യപ്പൻ വഞ്ചകരെ വെറുതെ വിടില്ല, കേസിൽ ഉൾപ്പെട്ട എല്ലാവരും പിടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സംഭവങ്ങൾക്ക് പിന്നിലെ സത്യം പുറത്തുവരണം. 50 വർഷമായി ഞാൻ ശബരിമലയിൽ മുടങ്ങാതെ ദർശനം നടത്തുന്നു. ഉണ്ണികൃഷ്ണൻ പോറ്റി വന്നപ്പോൾ ഒരു ഭക്തനെന്ന നിലയിൽ മാത്രമാണ് സൗകര്യങ്ങൾ ഒരുക്കിയത്. അതിനപ്പുറം, പോറ്റിയുമായി എനിക്ക് ബന്ധമില്ല. ശബരിമലയിൽ മാത്രമല്ല, അതിഥിയായി നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ശബരിമല കേസിലെ സത്യം പുറത്തുവരണം,” ജയറാം പറഞ്ഞു.
പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റി അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ ശബരിമല ശ്രീകോവിലിന്റെ ഫ്രെയിം ചെന്നൈയിലെ ജയറാമിന്റെ വീട്ടിലേക്ക് കൊണ്ടുവന്ന് പൂജ നടത്തിയിരുന്നു . ജയറാമിന് പോറ്റിയുമായി ദീർഘകാല പരിചയമുണ്ടെന്നാണ് സൂചന . ഇഡി ഇക്കാര്യത്തിൽ വിശദീകരണം തേടുന്നുണ്ട് . ഇരുവരും തമ്മിൽ എന്തെങ്കിലും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും ഇഡി പരിശോധിക്കുന്നുണ്ട്.ജയറാമും പോറ്റിയും ഒരുമിച്ച് പൂജ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് ഇഡി നടപടി.

