ചെന്നൈ: ശബരിമല സ്വർണ്ണ മോഷണ കേസിൽ നടൻ ജയറാമിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രേഖപ്പെടുത്തി. ചെന്നൈയിലെ വസതിയിൽ വെച്ചാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ശബരിമലയിൽ വെച്ചാണ് ആരംഭിച്ചതെന്ന് ജയറാം വ്യക്തമാക്കി. പോറ്റി തന്റെ വീട്ടിൽ പൂജകൾ നടത്താൻ പലതവണ വന്നിരുന്നതായി ജയറാം പറഞ്ഞു. പോറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ തട്ടിപ്പിനെക്കുറിച്ചോ തനിക്ക് അറിയില്ലെന്ന് ജയറാം അന്വേഷണ സംഘത്തോട് പറഞ്ഞു. കേസിൽ ജയറാമിനെ സാക്ഷിയാക്കാൻ സാധ്യതയുണ്ട്.
പോറ്റി അയ്യപ്പ ഭക്തനാണെന്ന് അറിയാമായിരുന്നതിനാൽ, ശബരിമലയിലെ സ്വർണ്ണപ്പാളികൾ തന്റെ വീട്ടിലേക്ക് കൊണ്ടുവന്ന് പൂജ നടത്താമെന്ന് അദ്ദേഹം തന്നോട് പറഞ്ഞിരുന്നതായി ജയറാം നേരത്തെ പറഞ്ഞിരുന്നു. പോറ്റി ക്ഷണിച്ചപ്പോൾ സ്മാർട്ട് ക്രിയേഷൻസിൽ നടന്ന വാതിൽ പാളികളുടെ പൂജയിൽ താൻ പങ്കെടുത്തിരുന്നു . കോട്ടയത്തെ ഇളമ്പള്ളി ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നപ്പോൾ വാതിൽ ചട്ടങ്ങളുടെ ഘോഷയാത്രയിലും പങ്കെടുത്തിരുന്നു. പൂജകളിലുള്ള വിശ്വാസമല്ലാതെ മറ്റൊരു ബന്ധവുമില്ലെന്നും ജയറാം വ്യക്തമാക്കി.
അതേസമയം, ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിൽ നിന്ന് സ്വർണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് ഇന്നലെ ജാമ്യം ലഭിച്ചു. അറസ്റ്റ് ചെയ്ത് 43-ാം ദിവസമാണ് ആറാം പ്രതി ശ്രീകുമാറിന് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് സോപാധിക ജാമ്യം അനുവദിച്ചത്. പാളികൾ കടത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ശ്രീകുമാർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലിയിൽ ചേർന്നിരുന്നുവെന്നും ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് കേസുമായി ബന്ധപ്പെട്ട രേഖയിൽ ഒപ്പിട്ടതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്.
അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. മുൻ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ശേഷം ജയിൽ മോചിതനാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ശ്രീകുമാർ.

