കൊച്ചി: ശബരിമല സ്വർണ്ണ മോഷണ കേസിൽ നടൻ ജയറാമിനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തത തേടാനാണ് ജയറാമിനെ ചോദ്യം ചെയ്യുന്നത് . കേസിൽ പ്രത്യേക അന്വേഷണ സംഘം ജയറാമിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
സ്മാർട്ട് ക്രിയേഷൻസിൽ പൂജ നടന്ന അതേദിവസമാണ് തന്റെ വീട്ടിലും പൂജ നടന്നത് എന്നായിരുന്നു നടൻ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, സ്മാർട്ട് ക്രിയേഷൻസിൽവെച്ച് നടന്ന, ജയറാം പങ്കെടുത്ത പൂജയിലുണ്ടായിരുന്നത് സ്വർണ കട്ടിളപ്പാളികളായിരുന്നു. ഇത് 2019 ജൂൺ മാസത്തിലായിരുന്നു നടന്നത്. ജയറാമിന്റെ വീട്ടിൽ നടന്നത് ദ്വാരപാലകപാളികൾ വെച്ചുള്ള പൂജയായിരുന്നു. ഇത് നടന്നതാകട്ടെ സെപ്റ്റംബർ മാസത്തിലുമായിരുന്നു. രണ്ട് മാസങ്ങളിൽ നടന്ന പൂജകൾ എന്തിന് ഒരേദിവസം നടന്നു എന്ന് ജയറാം പറഞ്ഞു എന്നത് ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ഇതെല്ലാം സംബന്ധിച്ച വിവരങ്ങൾ എസ്ഐടി ആരാഞ്ഞിരുന്നതായാണ് വിവരം. കൂടാതെ, സ്മാർട്ട് ക്രിയേഷൻസിൽ നടന്ന പൂജയിൽ ജയറാം പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ചെന്നൈയിലെ വീട്ടിൽ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തിരുന്നു . പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യങ്ങൾ. ശബരിമലയിൽ വെച്ചാണ് ബന്ധം ആരംഭിച്ചതെന്നും പൂജയ്ക്കായി പലതവണ തന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും ജയറാം പറഞ്ഞിരുന്നു. പോറ്റിയെ താൻ വിശ്വസിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളോ വഞ്ചനയോ തനിക്ക് അറിയില്ലായിരുന്നു. കോട്ടയത്തെ ഇളമ്പള്ളി ക്ഷേത്രത്തിലേക്ക് വാതിലുകളുടെ ഫ്രെയിമുകൾ കൊണ്ടുവന്ന് ഘോഷയാത്രയ്ക്കായി കൊണ്ടുപോയപ്പോഴും ജയറാം പങ്കെടുത്തു.

