തിരുവനന്തപുരം: വൈദ്യുതി ലൈനിൽ തട്ടി 19 വയസ്സുള്ള യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട്ട് ആണ് സംഭവം. നെടുമങ്ങാട് പനയമുട്ടം സ്വദേശിയായ അക്ഷയ് സുരേഷാണ് മരിച്ചത്. മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു . കാറ്ററിംഗ് ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്ന് വൈദ്യുത ലൈൻ റോഡിൽ പൊട്ടി വീണ് കിടന്നതാണ് അപകട കാരണം.
രാത്രിയിൽ പനയമുട്ടം മുസ്ലീം പള്ളിക്ക് സമീപമാണ് സംഭവം. അക്ഷയ്ക്കൊപ്പം ബൈക്കിൽ രണ്ട് പേർ കൂടി ഉണ്ടായിരുന്നു. ബൈക്ക് ഓടിച്ചത് അക്ഷയ് ആണ്. മരം പോസ്റ്റിന് മുകളിൽ കടപുഴകി വീണതിനെ തുടർന്ന് പോസ്റ്റും മരവും റോഡിൽ കിടക്കുകയായിരുന്നു. ബൈക്ക് പോസ്റ്റിൽ ഇടിച്ചതിനെ തുടർന്നാണ് വൈദ്യുതാഘാതമേറ്റതെന്ന് പൊലീസ് പറഞ്ഞു.
ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിളിച്ച് അക്ഷയിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്ഷയുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് വളരെ പഴയതാണെന്നും നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാർ ആരോപിച്ചു.

