ലാസ: ടിബറ്റിൽ ഒരു മണിക്കൂറിനുള്ളിൽ തുടർച്ചയായുണ്ടായ ആറ് ഭൂചലനങ്ങളിൽ മരണം 53 ലേറെയായി. ഇന്ത്യയുൾപ്പെടെ 5 രാജ്യങ്ങളിലാണ് ഭൂചലനമുണ്ടായത് . .ബംഗ്ലാദേശ്, നേപ്പാൾ, ടിബറ്റ്, ഇറാൻ എന്നിവയാണ് ഭൂചലനം അനുഭവപ്പെട്ട മറ്റ് രാജ്യങ്ങൾ.
ടിബറ്റിലാണ് ഏറ്റവും വലിയ നാശം സംഭവിച്ചത്. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇവിടെ 53 പേർ മരിക്കുകയും 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടിബറ്റിലെ വൻ കെട്ടിടങ്ങൾ നിലംപൊത്തി.
ചൊവ്വാഴ്ച രാവിലെ 9:05 ന് ടിബറ്റ് സ്വയംഭരണ മേഖലയിലെ ഷിഗാസെ നഗരത്തിലെ ഡിംഗ്രി കൗണ്ടിയിലാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. 28.5 ഡിഗ്രി വടക്കൻ അക്ഷാംശത്തിലും 87.45 ഡിഗ്രി കിഴക്ക് രേഖാംശത്തിലുമാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം.ചൈന എർത്ത്ക്വേക്ക് നെറ്റ്വർക്ക് സെൻ്റർ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം 10 കിലോമീറ്റർ ആഴത്തിലായിരുന്നു
പ്രഭവകേന്ദ്രത്തിന് ചുറ്റുമുള്ള പ്രദേശത്തിൻ്റെ ശരാശരി ഉയരം ഏകദേശം 4,200 മീറ്റർ (13,800 അടി) ആണ്. ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വളരെ കുറച്ച് ആളുകൾ മാത്രമേ താമസിക്കുന്നുള്ളൂ.
ചൈനയുടെ തെക്ക്-പടിഞ്ഞാറൻ ഭാഗങ്ങളിൽ ഭൂചലനങ്ങൾ പതിവായി സംഭവിക്കാറുണ്ട്. 2008ൽ സിചുവാൻ പ്രവിശ്യയിലുണ്ടായ വൻ ഭൂകമ്പത്തിൽ ഒട്ടേറെ പേർ മരണപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്നോ അതിലധികമോ തീവ്രതയുള്ള 29 ഭൂചലനങ്ങളാണ് ഷിഗാസിൽ ഉണ്ടായത് .
ടിബറ്റിലെ ഏറ്റവും പുണ്യനഗരങ്ങളിലൊന്നാണ് ഷിഗാസെ. ടിബറ്റൻ ബുദ്ധമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായ പഞ്ചൻ ലാമയുടെ ഇരിപ്പിടമാണിത്.കാഠ്മണ്ഡു, കബ്രെപാലൻചോക്ക്, സിന്ധുപാലൻചോക്ക്, ധാഡിംഗ്, സോലുഖുംബു എന്നിവയാണ് നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ട നഗരങ്ങൾ. ഭൂചലനത്തെ തുടർന്ന് ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി. റോഡരികിലെ മരങ്ങളും വൈദ്യുതക്കമ്പികളും ഇളകി വീണു.