ചെന്നൈ : ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് 500 മീറ്റർ ചുറ്റളവിലുള്ള 717 മദ്യവിൽപ്പനശാലകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്. പൊതുജനതാൽപ്പര്യം മുൻനിർത്തിയാണ് ഈ തീരുമാനമെടുത്തതെന്ന് ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്തെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപത്തായി പ്രവർത്തിക്കുന്ന 717 ചില്ലറ മദ്യശാലകൾ കണ്ടെത്തിയിട്ടുണ്ട് . ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 കടകളും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186 കടകളും, ബസ് സ്റ്റാൻഡുകൾക്ക് സമീപമുള്ള 255 കടകളും ഇതിൽ ഉൾപ്പെടുന്നു.തമിഴ്നാട് സ്റ്റേറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (TASMAC) നിലവിൽ 4,765 ചില്ലറ മദ്യവിൽപ്പനശാലകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ഇതിൽ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് 500 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന 717 കടകൾ അടച്ചിടും.
രണ്ട് ദിവസം മുൻപാണ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അധികാരമേറ്റയുടനെ, തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ വിജയ് മൂന്ന് പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു . ആദ്യത്തേത് ഓരോ ബില്ലിലും ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്നായിരുന്നു. രണ്ട് മാസത്തെ ബില്ലിംഗ് സൈക്കിളിൽ 500 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് മാത്രമേ ഈ കിഴിവ് ലഭിക്കൂ.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തുടനീളം 65 ആന്റി-നാർക്കോട്ടിക് ടാസ്ക് ഫോഴ്സ് യൂണിറ്റുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സ്ത്രീകളുടെ സുരക്ഷയ്ക്കായി “സിംഗ പെൺ സിർപ്പു അതിരടി പടൈ” എന്ന പേരിൽ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപികരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളിൽ ഈ സേന ഉടനടി നടപടി ഉറപ്പാക്കുമെന്ന് വിജയ് പറഞ്ഞു.
ഇത് കൂടാതെ 60 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം, വിവാഹത്തിന് 8 ഗ്രാം സ്വർണം , ഒരു കുടുംബത്തിന് പ്രതിവർഷം ആറ് സൗജന്യ പാചക വാതക സിലിണ്ടറുകൾ എന്നിവ വിജയ് തന്റെ പാർട്ടി പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ ജനിക്കുന്ന ഓരോ കുട്ടിക്കും സർക്കാരിന്റെ അനുഗ്രഹത്തിന്റെ പ്രതീകമായി ഒരു സ്വർണ്ണ മോതിരം , പോഷകാഹാര സഹായ ഉൽപ്പന്നങ്ങളും കുഞ്ഞു വസ്ത്രങ്ങളും അടങ്ങിയ “ബേബി വെൽക്കം കിറ്റ്” എന്നിവയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.

