ശ്രീനഗർ : ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബാദൽ ഗ്രാമത്തിൽ അജ്ഞാത രോഗം പടർന്നുപിടിക്കുന്നു. കഴിഞ്ഞ 44 ദിവസത്തിനുള്ളിൽ ബാദൽ ഗ്രാമത്തിൽ 17 പേർ മരിച്ചു.അതിൻ്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ഇപ്പോൾ ഗ്രാമം മുഴുവൻ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. ഗ്രാമത്തിൽ പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു, കൂടാതെ ദുരിതബാധിതരായ കുടുംബങ്ങളോടും അവരുടെ വീടുകളിൽ തന്നെ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
രജൗരി ജില്ലയിലെ ബദൽ ഗ്രാമത്തിൽ മൂന്ന് കണ്ടെയ്ൻമെൻ്റ് സോണുകളുണ്ട് . ആദ്യ സോണിൽ, മരിച്ചവരുടെ വീടുകൾ സീൽ ചെയ്യുകയും എല്ലാവരുടെയും പ്രവേശനം വിലക്കുകയും ചെയ്തിട്ടുണ്ട്. രോഗബാധിതരുമായി അടുത്തിടപഴകിയവരുടെ കുടുംബങ്ങളെ രണ്ടാം സോണിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് അയച്ചു. അതേസമയം, ഗ്രാമത്തിലെ എല്ലാ കുടുംബങ്ങളെയും മൂന്നാം സോണിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവിടെ ഗ്രാമീണരുടെ ഭക്ഷണശീലങ്ങൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്.
ബാദൽ ഗ്രാമത്തിൽ മരിച്ച 17 പേരും 3 കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അതേ സമയം ഇന്നലെ ഗ്രാമത്തിൽ ഒരു യുവാവും 4 കുട്ടികളും രോഗബാധിതരായി ഇപ്പോൾ ചികിത്സയിലാണ്. നേരത്തെ ഒരേ കുടുംബത്തിലെ 6 കുട്ടികൾ മരിച്ചിരുന്നു. തുടക്കത്തിൽ, രോഗബാധിതരായ കുടുംബത്തിൻ്റെയും ഗ്രാമത്തിലെ മറ്റ് ആളുകളുടെയും രക്ത സാമ്പിളുകൾ, ഭക്ഷണ, വെള്ള സാമ്പിളുകൾ ലാബിലേക്ക് അയച്ചെങ്കിലും രോഗത്തെക്കുറിച്ച് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
.
ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 18 ന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ആരോഗ്യം, കൃഷി, രാസവളം തുടങ്ങി വിവിധ മന്ത്രാലയങ്ങളിലെ വിദഗ്ധരും രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരും ഈ സംഘത്തിലുണ്ട്.ദുരൂഹമായ രോഗത്തെ തുടർന്ന് ഗ്രാമത്തിലെ ജനങ്ങൾക്കിടയിൽ ഭീതിയുടെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ നൂറുകണക്കിന് സാമ്പിളുകളാണ് ലാബിലേക്ക് അയച്ചത്. എന്നാൽ ഒരു അന്വേഷണത്തിലും നെഗറ്റീവ് ഫലം പുറത്തുവന്നിട്ടില്ല. വെള്ളവും ഭക്ഷ്യവസ്തുക്കളും ആരോഗ്യവകുപ്പ് പരിശോധിച്ചെങ്കിലും വിഷാംശം കണ്ടെത്തിയിട്ടില്ല.