കൊൽക്കത്ത ; പുതിയ വഖഫ് നിയമവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ വലിയ കലാപമാണ് നടക്കുന്നത് . ശനിയാഴ്ച മുർഷിദാബാദ്, നോർത്ത് 24 പർഗാനാസ്, ഹൂഗ്ലി, മാൾഡ തുടങ്ങിയ ജില്ലകളിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ നടന്നു. കലാപകാരികൾ നിരവധി വാഹനങ്ങൾക്ക് തീയിട്ടു. ഇതോടൊപ്പം കടകളിലും വീടുകളിലും വൻതോതിലുള്ള നാശനഷ്ടങ്ങളും ഉണ്ടായി. സംഭവങ്ങളിൽ ഇതുവരെ 3 പേർക്ക് ജീവനും നഷ്ടപ്പെട്ടു. പത്തിലധികം പോലീസുകാർക്ക് പരിക്കേറ്റു. കേസിൽ നിലവിൽ 150 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഏറ്റവും കൂടുതൽ അക്രമബാധിത ജില്ലയായ മുർഷിദാബാദിലെ ധുലിയനിൽ നിന്ന് ഏകദേശം 400 ഓളം ഹിന്ദുക്കൾ പലായനം ചെയ്തിട്ടുണ്ട് . ഈ ആളുകളെല്ലാം നദി മുറിച്ചുകടന്ന് മാൾഡയിലെ വൈഷ്ണവ്നഗറിലുള്ള ഒരു സ്കൂളിൽ അഭയം തേടിയിരിക്കുകയാണ് . തങ്ങളുടെ വീടുകൾ ഇസ്ലാമിസ്റ്റുകൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തുവെന്ന് ഇവർ ആരോപിച്ചു. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും തങ്ങളുടെ ജീവൻ രക്ഷിക്കാനും ഇവർ അഭ്യർത്ഥിച്ചു.
അക്രമാസക്തമായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത്, പശ്ചിമ ബംഗാളിലെ സംഘർഷഭരിതമായ പ്രദേശങ്ങളിൽ കേന്ദ്രസർക്കാർ 1600-ലധികം സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇതിൽ 300 ഓളം പേർ ബിഎസ്എഫ് സൈനികരാണ്.