ന്യൂഡൽഹി : നാഗ്പൂരിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു . 7 ഉം 14 ഉം വയസ്സുള്ള രണ്ട് കുട്ടികൾക്കാണ് രോഗം ബാധിച്ചത്. ഇരുവർക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതായാണ് റിപ്പോർട്ട് . ജനുവരി മൂന്നിന് പനിയും ചുമയും ബാധിച്ച് കുട്ടികളെ രാംദാസ്പേട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുവർക്കും എച്ച്എംപിവി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് എച്ച്എംപിവി ബാധിച്ചവരുടെ എണ്ണം 7 ആയി . പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയാണ് ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ.
കേസുകൾ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, എച്ച്എംപിവി ഒരു പുതിയ വൈറസല്ലെന്നും 2001 ലാണ് ആദ്യമായി കണ്ടെത്തിയതെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു. 2001 ൽ നെതർലാൻഡിലാണ് ഈ അണുബാധ കണ്ടെത്തിയത്. ഇന്ത്യയിലും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ചൈനയിലെ അണുബാധ ഗുരുതരമായ തലത്തിലെത്തിയിട്ടുണ്ടെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതിരിക്കാൻ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.