അടുത്തിടെ പുറത്തിറങ്ങിയ ഭ ഭ ബ്ബ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കാൻ തന്നെ ക്ഷണിച്ചത് നായകനായ ദിലീപായിരുന്നുവെന്ന് സംഗീതസംവിധായകൻ ഗോപീസുന്ദർ.അവസാന നിമിഷമാണ് ആ ചിത്രം തന്നിലേയ്ക്ക് വന്നത് . ദിലീപ് വിളിച്ചിട്ട് ‘ ഗോപീ ഒരു പടമുണ്ട് , രക്ഷപെടുത്തണം ‘ എന്ന് ആവശ്യപ്പെട്ടുവെന്നും ഗോപീസുന്ദർ പറഞ്ഞു.
സ്വന്തം യൂട്യൂബ് ചാനലിൽ ഗാനരചയിതാവ് ബി.കെ. ഹരിനാരായണനുമായുള്ള സംഭാഷത്തിലാണ് ഗോപി സുന്ദർ ഇക്കാര്യം പറഞ്ഞത്. ‘ 15 മുതൽ 20 ദിവസം വരെയാണ് ഞാൻ ഒരു സിനിമയ്ക്ക് പശ്ചാത്തലസംഗീതമൊരുക്കാൻ എടുക്കുന്ന സമയം .ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പശ്ചാത്തലസംഗീതം ചെയ്ത സിനിമ ‘നി.കൊ.ഞ.ച’യാണ് . അഞ്ച് ദിവസം കൊണ്ടാണ് ആ ചിത്രത്തിന് സംഗീതം ചെയ്തത് . അങ്ങനെയൊരു സാഹചര്യമായിരുന്നു അത് . എന്നു കരുതി രാത്രി മുഴുവൻ സിനിമ ചെയ്യുന്ന ഒരാളല്ല ഞാൻ . പകൽ മാത്രമാണ് ജോലി ചെയ്യുന്നത്.
വേറൊരു സംവിധായകൻ ചെയ്ത് മിക്സിംഗ് തിയേറ്ററിലെത്തിയ സിനിമ നിർമ്മാതാവ് കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല എന്ന കാരണം കൊണ്ടാണ് എന്റെ അടുത്ത് എത്തിയത് . ഭായ് ചെയ്യാവുന്നത്ര ചെയ്യണം , ബാക്കി ഞങ്ങൾ പഴയത് വച്ച് നോക്കാമെന്നാണ് പറഞ്ഞത്.ഞാൻ മുഴുവൻ ചെയ്തു. ചെയ്യുകയാണെങ്കിൽ മുഴുവനായേ ചെയ്യൂ. പാതി ചെയ്തിട്ട് കാര്യമില്ലല്ലോ. അത് അങ്ങനെ സംഭവിക്കേണ്ടിയിരുന്നു, അങ്ങനെ സംഭവിച്ചു’,
ഭ.ഭ.ബ്ബയുടെ കാര്യവും അങ്ങനെയാണ്. അവസാന നിമിഷമാണ് എന്റെ അടുത്ത് വരുന്നത് . മറ്റൊരു സംവിധായകനും പറഞ്ഞ സമയത്ത് റിലീസ് ചെയ്യാൻ കഴിയുമെന്ന് അവർക്ക് തോന്നിക്കാണില്ല. എന്റെ കഴിവ് കണ്ടിട്ടോ, സ്നേഹം കൊണ്ടോ ഒന്നുമായിരിക്കില്ല. ഇയാൾക്ക് മാത്രമേ ഈ സമയത്തിനുള്ളിൽ ഇത് തീർക്കാൻ പറ്റൂ എന്ന് തോന്നിക്കാണും. ഡിസംബർ 18 എന്ന റിലീസ് ഡേറ്റ് മാറ്റാനാവില്ലായിരുന്നു. ആ സാഹചര്യത്തിൽ പെട്ടെന്ന് ദിലീപേട്ടൻ വിളിച്ചു. ‘ ഗോപീ ഒരു പടമുണ്ട്. ചെയ്യണം, രക്ഷപ്പെടുത്തണം ‘ എന്ന് പറഞ്ഞു.
ആളുകൾ തിയ്യേറ്ററിൽ സിനിമ കാണുകയാണെങ്കിൽ ഒന്നും ചിന്തിക്കാതെ കണ്ണും പൂട്ടി ഡാൻസ് കളിച്ച് പാട്ടും പാടി എൻജോയ് ചെയ്ത് ബ്രെയിൻ ഓഫ് ചെയ്ത് വച്ച് സിനിമ കാണുന്ന പോലെയിരിക്കണം എന്ന് പറഞ്ഞു. ഞാൻ അതുപോലെ ബ്രെയിൻ ഓഫ് ചെയ്യാനുള്ള എല്ലാ കാര്യങ്ങളും അതിൽ ചെയ്തിട്ടുണ്ട്’- ഗോപി സുന്ദർ കൂട്ടിച്ചേർത്തു.

